ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്‌മയ്ക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി : പാറശ്ശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 31നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്‌മയെ നെടുമങ്ങാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേസിലെ കൂട്ട് പ്രതികളായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.
അടുത്തിടെ സഹതടവുകാരുടെ പരാതിയെ തുടർന്ന് ഗ്രീഷ്‌മയെ ജയിൽ മാറ്റിയിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്‌മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്. ഗ്രീഷ്‌മ ഉൾപ്പെടെ രണ്ട് തടവുകാരെയാണ് അട്ടക്കുളങ്ങരയിൽ നിന്നും മാറ്റിയത്. കേസിൽ അറസ്‌റ്റിലായത് മുതൽ അട്ടക്കുളങ്ങര ജയിലിലാണ് ഗ്രീഷ്‌മ തടവിൽ കഴിഞ്ഞിരുന്നത്.
തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് ഗ്രീഷ്‌മ ഈ ക്രൂര കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവിൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്‌മയെ കുറിച്ച് സംശയിച്ചിരുന്നില്ല. ആദ്യം പാറശ്ശാല പോലീസ് സാധാരണ മരണമെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ഒടുവിൽ ഗ്രീഷ്‌മ വിഷം കൊടുത്ത് ഷാരോണിനെ വധിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.
No comments
Post a Comment