അനാശാസ്യം അന്വേഷിക്കാനെത്തിയ പൊലീസിനെ കൂട്ടത്തോടെ ആക്രമിച്ച് ട്രാൻസ്ജെൻഡർമാർ, എസ്‌ഐ ഉൾപ്പെടെ പോലീസുകാർക്ക് പരിക്ക്
തിരുവനന്തപുരം: അനാശാസ്യം നടക്കുന്നെന്നറിഞ്ഞെത്തിയ പൊലീസിനെ കൂട്ടത്തോടെ ആക്രമിച്ച് ട്രാൻസ്ജെൻഡർമാർ. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ മാമം ചന്തയ്‌ക്കു സമീപം കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അക്രമികൾ പൊലീസ് ജീപ്പ് എറിഞ്ഞ് തകർക്കുകയും പൊലീസുകാരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. എസ് ഐ ഉൾപ്പെടെ മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു. അക്രമിസംഘത്തിലുണ്ടായിരുന്ന എട്ടുപേരെ പൊലീസ് പിടികൂടി.
ചിറയിൻകീഴ് വലിയകട സ്വദേശി ഷെഫീന (28), അഴൂർ ശാസ്‌തവട്ടം സ്വദേശി മഞ്ചമി (29), ചിറയിൻകീഴ് ഇരട്ടകലുങ്ക് സ്വദേശി കനക എന്ന അനിൽകുമാർ (34), പൂജപ്പുരയിൽ വാടകയ്ക്ക് താമസിക്കുന്ന ഗൗരി (32), സതി (52), പെരുങ്ങുഴി മുട്ടപ്പലം സ്വദേശി നിവേദ്യ എന്ന സഹസ്ര (24), നാവായിക്കുളം സ്വദേശി സായൂജ്യ (29), പാരിപ്പള്ളി സ്വദേശി നയന (36) എന്നിവരാണ് പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തു.
ദേശീയപാതയിൽ ആറ്റിങ്ങൽ മാമം ഭാഗത്ത് ട്രാൻസ്ജെൻഡർമാർ കൂട്ടമായി അക്രമവും അനാശാസ്യ പ്രവർത്തനങ്ങളും നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയ നൈറ്റ് പട്രോളിംഗ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കടയ്‌ക്കാവൂർ സി.ഐ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ രണ്ടരയോടെ മാമം ചന്തയ്‌ക്ക് സമീപമെത്തുകയായിരുന്നു. സംശയാസ്‌പദ സാഹചര്യത്തിൽ ട്രാൻഡ്സ്‌ജെൻഡർമാരെ കണ്ടതിനെ തുടർന്ന് പൊലീസ് ജീപ്പ് നിർത്തുന്നതിനിടെ ഓടിയെത്തിയ ഇവർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
ആറ്റിങ്ങൽ എസ്.ഐ അഭിലാഷിനെ കൈയേറ്റം ചെയ്യുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്‌തു. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ച ഇവർ ജീപ്പിന്റെ പിറകുവശത്തെ ചില്ല് എറിഞ്ഞ് തകർക്കുകയായിരുന്നു. കൂടുതൽ പൊലീസെത്തിയാണ് ഇവരെ പിടികൂടിയത്. മാമം ഭാഗത്ത് രാത്രി കാലങ്ങളിൽ ട്രാൻസ്ജെൻഡർമാർ കൂട്ടമായെത്തി പണം പിടിച്ചുപറിക്കാനും ആക്രമിക്കാനും ശ്രമിക്കാറുണ്ടെന്ന് നിരവധി പരാതികളുണ്ട്.
No comments
Post a Comment