ഒരു വലിയ പണി കുറയ്ക്കാനുള്ള ഓപ്ഷൻ അവതരിപ്പിച്ച് ഗൂഗിൾ; ഒരുപാട് നന്ദിയെന്ന് ഉപയോക്താക്കൾ
ജി മെയിലിന്റെ ഇൻബോക്സിലേക്ക് അനാവശ്യ ഇ മെയിലുകൾ വരുന്നത് പതിവാണ്. ഇവ ഡീലിറ്റ് ചെയ്യുന്നത് ഒരു ദിവസത്തെ പണിയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. എന്നാൽ ഈ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഗൂഗിൾ. ജി മെയിൽ ഉപയോഗിക്കുന്നവർക്ക് ഇനി ഒറ്റയടിയ്ക്ക് 50 മെയിലുകൾ വരെ ഡീലിറ്റാക്കാം. ജി മെയിലിന്റെ ആൻഡ്രോയിഡ് 2023.08.20.561750975 വേർഷനിലാണ് പുതിയ ഫീച്ചർ ലഭിക്കുന്നത്.
സാംസങ് ഗാലക്‌സി, പിക്‌സൽ ഉപഭോക്താക്കൾക്കും ആൻഡ്രോയിഡ് 13, 14 വേർഷനുകളിലുള്ളവർക്കും നിലവിൽ ഈ അപ്ഡേറ്റ് ലഭിക്കും. വൈകാതെ മറ്റ് ഫോണുകളിലും ഈ അപ്ഡേഷൻ ലഭിക്കുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ കൂടുതൽ ഫോണുകളിൽ ഇത് ലഭിച്ചേക്കും. പുതിയ അപ്ഡേഷൻ ജി മെയിൽ ആപ്പിലെ സെലക്ട് ഓൾ എന്ന ലേബലിൽ ഉണ്ടാകും. ആദ്യത്തെ 50 ഇ മെയിലുകളാണ് ഇതിൽ സെലക്ട് ചെയ്യുന്നത്.
ഡീലിറ്റ് ചെയ്യേണ്ടാത്ത ഇ മെയിലുകൾ അൺചെക്ക് ചെയ്ത് ഒഴിവാക്കാനാകും. ജി മെയിലിന്റെ വെബ് വേർഷനിൽ നേരത്തെ തന്നെ ഈ സെറ്റിങ്സ് ഉണ്ട്. ജി മെയിലിന്റെ സൗജന്യ വേർഷൻ ഉപയോഗിക്കുന്നവർക്ക് ഇത് ഏറെ സഹായകരമാണ്. 15 ജിബി മാത്രമാണ് അതിലുള്ളത്. മെയിലിന് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പ്രധാനമായും ജി മെയിലിലെ സ്പേസിൽ കടന്നു കയറുന്നത്. ഇ മെയിലുകൾ നീക്കം ചെയ്താൽ വലിയൊരളവിൽ സ്പേസ് ലാഭിക്കാനാകും.
വമ്പന്‍ മാറ്റത്തിനൊരുങ്ങി യൂട്യൂബ്
യൂട്യൂബ് കണ്ടു മടുത്തവർക്കായി പുതിയ ഐഡിയയുമായി എത്തിയിരിക്കുകയാണ് കമ്പനി. ഇനി യൂട്യൂബിൽ തന്നെ ഗെയിം കളിക്കാം. പ്ലേയബിൾ എന്ന പേരിൽ യൂട്യൂബിൽ പുതിയ വിഭാഗം അവതരിപ്പിച്ചുകൊണ്ട് ആപ്പിനുള്ളിൽ തന്നെ ഗെയിമുകൾ കളിക്കാനുള്ള സംവിധാനമാണ് കമ്പനിയൊരുക്കിയിരിക്കുന്നത്. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിലാണ് നിലവിൽ ഇത് പരീക്ഷിക്കുന്നത്. യൂട്യൂബ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഇത് ലഭ്യമാണ്.
No comments
Post a Comment