അപേക്ഷകളിലെ തെറ്റ് തിരുത്തുന്നതിന് പകരം പുതിയത് വാങ്ങി, അനർഹർക്ക് പെൻഷൻ കിട്ടി: പ്രിൻസിപ്പൽ അക്കൗണ്ടൻ്റ് ജനറൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽ. ഇതിന് കാരണം താഴെത്തട്ടിലെ അലംഭാവമാണെന്നും പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽമാരായ എസ്.സുനിൽ രാജ്, ഡോ ബിജു ജേക്കബ് എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ 38,270 ട്രാൻസ്‌പോർട്ട് വാഹനങ്ങളാണ് സംസ്ഥാനത്തുള്ളത്. ബഡ്ജറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വകയിരുത്തിയ തുക ഫലപ്രദമായി വിനിയോഗിക്കാനായില്ലെന്നും അവർ അറിയിച്ചു. റവന്യു വിഭാഗം സംബന്ധിച്ച സിഎജി റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽ.
സാമൂഹ്യ സുരക്ഷാ പെൻഷനിലെ നിരസിക്കപ്പെട്ട അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിന് പകരം പുതിയ അപേക്ഷകളായി സ്വീകരിച്ചു. ഇത് മൂലം അനർഹർക്ക് പെൻഷൻ കിട്ടി. സമയാസമയങ്ങളിൽ പെൻഷൻ കൊടുക്കാനായില്ല. അർഹതപ്പെട്ടവർക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്. വിധവ പെൻഷൻ അനർഹർക്കും കിട്ടി. മരിച്ച 4039 പേർക്ക് ക്ഷേമ പെൻഷൻ ലഭിച്ചു. ബന്ധം വേർപ്പെടുത്തിയവർക്കും കിട്ടുന്നു. സേവന പെൻഷൻ സോഫ്ട് വെയർ ശക്തമാക്കണം. പെൻഷൻ കിട്ടുമ്പോൾ എസ്എംഎസ് ലഭിക്കുന്ന സംവിധാനം ഒരുക്കണമെന്നും പ്രിൻസിപ്പൽ അക്കൗണ്ട് ജനറൽ പറഞ്ഞു.
ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലും മാലിന്യ പരിപാലനത്തിൽ ശാസ്ത്രീയ വിലയിരുത്തൽ ഇല്ലെന്ന് മാലിന്യ സംസ്കരണ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. 90 ശതമാനം റെസ്റ്റോറന്റുകൾക്കും മാലിന്യ സംസ്കരണ സംവിധാനമില്ല. തിരുവനന്തപുരം കോർപ്പറേഷൻ , വീടുകളിൽ വിതരണം ചെയ്ത ബയോ കമ്പോസിറ്റർ ബിൻ ഉപയോഗപ്പെടുത്താനായില്ല. ബ്രഹ്മപുരം മാലിന്യപ്ലാന്റ് മുതൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ഇല്ല. 2012 മുതൽ 2021 വരെ ഒരു കരാറുകാരന് കരാർ നീട്ടി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. നിരോധിത പ്ലാസ്റ്റിക്കിന്റെ വ്യാപക ഉപയോഗം വ്യാപകമാണ്. 3708 ആരോഗ്യസ്ഥാപനങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതിയില്ല. മരട് ഫ്ലാറ്റുകൾ പൊളിച്ചതിന്റെ കെട്ടിട മാലിന്യങ്ങൾ എവിടേക്ക് പോയി എന്നതിന് ഒരു തെളിവുമില്ല. സമീപ മുൻസിപ്പാലിറ്റികളിലേക്ക് കൊണ്ടുപോയി എന്നാണ് മരട് നഗരസഭ പറഞ്ഞത്. എന്നാൽ അത് കണ്ടെത്താനായില്ലെന്നും റിപ്പോർട്ടിലുണ്ട്.
നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ നികുതി ചുമത്തലിലും ഈടാക്കലിലും പിഴവുകൾ ഉണ്ടായതായാണ് ചൂണ്ടിക്കാട്ടുന്നു. ആര്‍ടിഒ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം 72.98 കോടി രൂപയുടെ നികുതി ചുമത്താതെ പോയി എന്നും റിപ്പോർട്ടിൽ പറയുന്നു. അർഹതയില്ലാത്ത പലർക്കും സാമൂഹിക സുരക്ഷാ പെൻഷൻ നൽകിയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഡാറ്റാ ബേസിലെ അടിസ്ഥാന രേഖകൾ പരിശോധിക്കാത്തതാണ് നികുതി നഷ്ടം വരുത്തിയത്. ബാർ ലൈസൻസ് അനധികൃതമായി കൈമാറ്റം അനുവദിച്ചത് മൂലം 2.17 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പുതിയ ലൈസൻസുകൾ അനുവദിക്കുന്നതിന് പകരം അനധികൃതമായി കൈമാറ്റം അനുവദിച്ചതാണ് നഷ്ടം വരുത്തിയതെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. ബ്രഹ്മപുരം മാലിന്യ സംസ്‌കാരണ പ്ലാന്റിനെതിരെയും സിഎജി റിപ്പോർട്ടിൽ വിമർശനമുണ്ട്. മലിന ജലം പുറത്തേക്ക് പോകുന്ന സംവിധാനം പ്രവർത്തിച്ചില്ലെന്നും മാലിന്യം ശരിയായ രീതിയിൽ തരം തിരിക്കുന്നില്ലെന്നുമാണ് വിമര്‍ശനം.
No comments
Post a Comment