ബൈക്ക് ടാക്സികൾക്ക് പിന്നാലെ ഇലക്ട്രിക് ബൈക്ക് ടാക്സികളും എത്തി, ബെംഗളൂരുവിൽ പുതിയ നീക്കത്തിന് തുടക്കമിട്ട് ഒല
ബെംഗളൂരുവിൽ ഇലക്ട്രിക് ബൈക്ക് ടാക്സികളുടെ സർവീസിന് തുടക്കമിട്ട് ബഹുരാഷ്ട്ര റൈഡ് ഷെയറിംഗ് കമ്പനിയായ ഒല കാബ്സ്. നേരത്തെ ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ ഒല ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇലക്ട്രിക് ബൈക്ക് ടാക്സികളും എത്തുന്നത്. ഈ സേവനം പുനരാരംഭിച്ച വിവരം ഒല സ്ഥാപകനും സിഇഒയുമായ ഭവീഷ് അഗർവാൾ എക്സിലുടെ പങ്കുവെച്ചിട്ടുണ്ട്.
സർവീസിന് ഉപയോഗിക്കുന്ന ബൈക്ക് ടാക്സികളെല്ലാം ഇലക്ട്രിക് വാഹനമായ എസ് വൺ സ്കൂട്ടറുകളായിരിക്കും. 5 കിലോമീറ്ററിന് 25 രൂപയും, 10 കിലോമീറ്റർ 50 രൂപയുമാണ് ഉപഭോക്താക്കളിൽ നിന്ന് സർവീസിനായി ഈടാക്കുക. ആദ്യ ഘട്ടത്തിൽ ബെംഗളൂരു നഗരത്തിൽ മാത്രമാണ് ഈ സേവനം ലഭ്യമെങ്കിലും, ഘട്ടം ഘട്ടമായി രാജ്യത്തുടനീളം സേവനം എത്തിക്കുന്നതാണ്. അതേസമയം, റാപിഡോ, ഊബർ തുടങ്ങിയ നിർമ്മാതാക്കൾ ബെംഗളൂരുവിൽ ഇലക്ട്രിക് ഇതര ബൈക്ക് ടാക്സി സർവീസ് നടത്തുന്നുണ്ട്.
2021 ജൂലൈയിൽ ഇലക്ട്രിക് ബൈക്ക് ടാക്സി നയം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കർണാടക മാറിയിരുന്നു. എന്നാൽ, സംസ്ഥാനത്ത് ഇതുവരെ ഇലക്ട്രിക് ബൈക്ക് ടാക്സി സർവീസ് ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഇലക്ട്രിക് ബൈക്ക് ടാക്സി നയം പുറത്തിറക്കി രണ്ട് വർഷങ്ങൾക്കുശേഷമാണ് ഒലയുടെ പുതിയ നീക്കം. അതേസമയം, ബൈക്ക് ടാക്സികൾ നിരോധിക്കണമെന്ന ആവശ്യവുമായി ഫെഡറേഷൻ ഓഫ് കർണാടക സ്റ്റേറ്റ് പ്രൈവറ്റ് ട്രാൻസ്പോർട്ട് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്.
No comments
Post a Comment