പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ഉദ്ഘാടനം ഒമ്പതിന്
കണ്ണൂർ: ജലസാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്തിൽ വളപട്ടണം പുഴയുടെ തീരത്ത് ടൂറിസം വകുപ്പ് നടപ്പിലാക്കിയ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി സെപ്റ്റംബർ ഒമ്പത് ശനിയാഴ്ച രാവിലെ 10ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് കെ വി സുമേഷ് എംഎൽഎ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ എന്നിവ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.4.01 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ജലസാഹസിക ടൂറിസത്തിന്റെ ഭാഗമായി ഫ്‌ളോട്ടിംഗ് ഡൈനിങ് ആണ് പദ്ധതിയുടെ പ്രധാന ആകർഷണം. നാല് വില്പന നാളുകൾ നിർമ്മിച്ചിട്ടുണ്ട്. പ്രാദേശിക ഭക്ഷണ വിഭവങ്ങൾ അടക്കമുള്ള മലബാറിന്റെ തനത് രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യ വിപണന കേന്ദ്രങ്ങളായി നാല് കിയോസ്‌കുകളും ആധുനികം റസ്റ്റോറന്റും ഇതിന്റെ ഭാഗമായി സജീകരിച്ചിട്ടുണ്ട്. 25 പേർക്ക് ഇരിക്കാവുന്ന എട്ടു മേശകൾ സജ്ജീകരിച്ച് വെക്കാൻ സാധിക്കുന്നതാണ് ഫ്‌ളോട്ടിംഗ് ഡൈനിംഗ് യൂനിറ്റ്. ഒരു സിംഗിൾ യൂണിറ്റ്, നാല് പേർക്ക് ഇരിക്കാവുന്ന ആറ് സിംഗിൾ യൂണിറ്റുകൾ എന്നിവ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.പുഴയിലൂടെ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾക്ക് ബോട്ടുകൾ, നാടൻ വളളം, കയാക്കിംഗ് സംവിധാനം എന്നിവ വഴി പുഴയുടെ സൗന്ദര്യം ആസ്വദിച്ച് ഫ്‌ളോട്ടിംഗ് ഡൈനിങ്ങിൽ എത്താൻ സാധിക്കും.
നടപ്പാതയും ഇരിപ്പിടങ്ങളും നടപ്പാതയുടെ ഭാഗമായി പുഴയുടെ മനോഹാരിത വീക്ഷിക്കുന്ന തരത്തിൽ രണ്ട് ഡെക്കും ഒരുക്കി. ബോട്ടിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഡോക്ക് ഏരിയ പ്രത്യേകമായി നിർമ്മിച്ചിട്ടുണ്ട്. ബോട്ട് ജെട്ടി മാതൃകയിൽ ബോട്ടുകൾക്ക് പാർക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഡോക്ക് സംവിധാനം. ടൂറിസം പാർക്ക് എന്ന നിലയിൽ ലാൻഡ്‌സ്‌കേപ്പിംഗ്, ഗാർഡനിങ്, വൈദ്യുതി വിതരണം എന്നീ സംവിധാനങ്ങൾ കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. കെൽ ആണ് പദ്ധതി നിർവഹണം നടത്തിയത്. പദ്ധതി നടത്തിപ്പിനായി ടെൻഡർ വിളിച്ച് ഏജൻസിയെ കണ്ടെത്തും.
കണ്ണൂർ പിആർഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ രമേശൻ, ടൂറിസം വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജി അഭിലാഷ്, ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ് എന്നിവർ പങ്കെടുത്തു.
No comments
Post a Comment