വീണ്ടും വരുന്നു, മെസി-ക്രിസ്റ്റ്യാനോ പോരാട്ടം
ബെയ്ജിങ്: ഫുട്‌ബോൾ ആരാധകർക്കു വീണ്ടും സന്തോഷവാർത്ത. സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വീണ്ടും നേർക്കുനേർ ഏറ്റുമുട്ടാനുള്ള സാധ്യത തെളിയുന്നു. വരുന്ന ജനുവരിയില്‍ ഇന്റർ മയാമിയും അൽനസ്‌റും തമ്മിലുള്ള സൗഹൃദമത്സരമുണ്ടായേക്കുമെന്നാണ് റിപ്പോർട്ട് പുറത്തുവരുന്നത്.
ജനുവരിയിൽ ചൈനയിൽ നടക്കുന്ന സൗഹൃദമത്സരങ്ങളിൽ ഇന്റർ മയാമിയുമായി ഏറ്റുമുട്ടാൻ അൽനസ്‌റിനു ക്ഷണം ലഭിച്ചതായാണു വിവരം. നസ്ർ മാനേജ്‌മെന്റ് പച്ചക്കൊടി കാട്ടിയാൽ ഫുട്‌ബോൾ ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാകുമത്. മറ്റു രണ്ട് സൗദി ക്ലബുകൾക്കും ക്ഷണം ലഭിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ, ഈ ക്ലബുകളുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ചൈന ആസ്ഥാനമായുള്ള ഒരു അന്താരാഷ്ട്ര മാർക്കറ്റിങ് കമ്പനിയാണു സൗഹൃദമത്സരം സംഘടിപ്പിക്കുന്നത്. സൗദി പ്രോ ലീഗിന്റെ പുതിയ ഷെഡ്യൂൾ പുറത്തുവരാൻ കാത്തിരിക്കുകയാണ് അൽനസ്ർ. ഇതിന് അനുസരിച്ചായിരിക്കും സൗഹൃദമത്സരങ്ങൾക്കുള്ള ക്ഷണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുക.
കഴിഞ്ഞ ജൂലൈയിൽ മെസി പി.എസ്.ജിയിലായിരിക്കെ ക്രിസ്റ്റ്യാനോയുടെ അൽനസ്‌റുമായി സൗഹൃദമത്സരം നടന്നിരുന്നു. ജപ്പാൻ നഗരമായ ഒസാകയിൽ നടന്ന മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.
No comments
Post a Comment