എച്ച്ഡി ക്വാളിറ്റിയുള്ള ചിത്രങ്ങൾ പകർത്താൻ ഇനി വളരെ എളുപ്പം, ഗൂഗിൾ ക്രോമിലെ ഈ ഫീച്ചർ ഇങ്ങനെ ഉപയോഗിക്കൂ
ഉപഭോക്താക്കൾ ദീർഘനാളായി കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ ക്രോം. യൂട്യൂബ് പോലെയുള്ള പ്ലാറ്റ്ഫോമുകളിലെ വീഡിയോകളിൽ നിന്ന് എച്ച്ഡി ക്വാളിറ്റിയുള്ള ചിത്രങ്ങൾ പകർത്താൻ സഹായിക്കുന്ന ഫീച്ചറാണ് ഉപഭോക്താക്കൾക്കായി ഗൂഗിൾ ഒരുക്കിയിരിക്കുന്നത്. പുതിയ ഫീച്ചർ അനുസരിച്ച്, എച്ച്ഡി ക്വാളിറ്റിയുള്ള ചിത്രങ്ങൾ പകർത്താൻ ക്രോം ബ്രൗസറിൽ തന്നെ ഇൻബിൽറ്റായി പ്രത്യേക സൗകര്യം ഒരുക്കുന്നതാണ്.
സാധാരണയായി സ്ക്രീൻഷോട്ട് പകർത്താൻ പ്രിന്റ് സ്ക്രീൻ ബട്ടണോ, ഓപ്പെര ബ്രൗസറുകൾ മുഖേന നൽകുന്ന സ്നാപ്ഷോട്ടുകളോ ആണ് ഉപയോഗിച്ചിരുന്നത്. ഇതിന് പരിഹാരമായാണ് ഗൂഗിൾ ക്രോമിൽ പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. വീഡിയോകളുടെ സഹായത്തോടുകൂടി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വളരെ എളുപ്പത്തിൽ സ്ക്രീൻഷോട്ട് എടുക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് ഗൂഗിൾ രൂപം നൽകിയത്.
ആദ്യ ഘട്ടത്തിൽ യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ്, വീഡിയോസ് എന്നിവയിലാണ് ഗൂഗിൾ ക്രോമിന്റെ ഈ ഫീച്ചർ പ്രവർത്തിക്കുക. ഈ ഫീച്ചർ ഉപയോഗിക്കുന്നതിനായി വീഡിയോയിൽ ചിത്രം പകർത്തേണ്ട ഭാഗത്തെത്തുമ്പോൾ വീഡിയോ പോസ് ചെയ്യുക. ഇതിനു ശേഷം റൈറ്റ് ക്ലിക് ചെയ്ത് ‘കോപ്പി വീഡിയോ ഫ്രെയിം’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതിലൂടെ ആവശ്യമായ ഭാഗം കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടാകും. തുടർന്ന് ഉപഭോക്താക്കൾക്ക് മാറ്റങ്ങൾ വരുത്തി സേവ് ചെയ്യാവുന്നതാണ്.
No comments
Post a Comment