വെൺമണിയിൽ ചരക്ക് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു; ഡ്രൈവർക്ക് നിസാര പരിക്ക്
വെൺമണി: തവിഞ്ഞാൽ 43 വാളാട് റോഡിൽ വെൺമണി പോസ്റ്റ് ഓഫീസിന് സമീപം എസ്എൻഡിപി മന്ദിരത്തിന് മുന്നിൽ വലിയ ചരക്ക് ലോറി നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു. കണ്ണോത്ത്മല അപകട സ്ഥലത്തിന് സമീപമാണ് അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്നും വാളാടുള്ള കെഎസ്ടിപി പ്ലാന്റിലേക്ക് സിമൻറ് കൊണ്ടുവന്ന വാഹനമാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ അപകടത്തിൽ പെട്ടത്. നിസാര പരിക്കേറ്റ ലോറി ഡ്രൈവർ മണ്ണാർക്കാട് സ്വദേശി ബഷീറിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. റോഡിന്റെ അശാസ്ത്രീയ നിർമ്മാണവും, സംരക്ഷണ സംവിധാനങ്ങളുടെ അഭാവവുമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. വളവും, കുത്തനെയുള്ള ഇറക്കവുമായ ഇവിടെ ഇതിനകം തന്നെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ഒരാളുടെ ജീവനും നഷ്ടമായിരുന്നു. ഇതിന് സമീപമായിരുന്നു ജീപ്പ് അപകടത്തിൽ 9 പേർ മരിച്ചതെന്നും അടിയന്തിരമായി സംരക്ഷണ മതിലും, മുന്നറിയിപ്പ് ബോർഡുകളും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനമൊരുക്കണമെന്നും നാട്ടുകാർ പറഞ്ഞു.
No comments
Post a Comment