Header Ads

  • Breaking News

    ഇരിവേരി സി.എച്ച്‌.സി.യിൽ മരുന്ന് കവറുകൾ ഇനി കിടപ്പുരോഗികൾ തയ്യാറാക്കും

    കണ്ണൂlർ : ഇരിവേരി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കുള്ള മരുന്നുകവറുകൾ ഇനി കിടപ്പുരോഗികൾ തയ്യാറാക്കും. രോഗം കാരണം കിടപ്പിലായവർക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനാണ്‌ എടക്കാട്‌ ബ്ലോക്ക് പഞ്ചായത്തിന്റെ ‘കൂടൊരുക്കാം’ പദ്ധതി.

    രോഗങ്ങൾ കാരണം എഴുന്നേൽക്കാനും സ്വന്തം കാര്യങ്ങൾ നിർവഹിക്കാനുമാകാതെ കിടപ്പിലായവർക്ക്‌ വരുമാനത്തിനൊപ്പം ആത്മവിശ്വാസവും പകരുന്നതിനാണ്‌ പദ്ധതി തയ്യറാക്കിയത്‌. നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായവരാണ് പദ്ധതിയിലെ ആദ്യഘട്ടത്തിലെ ഗുണഭോക്താക്കൾ. ആറ് ലക്ഷം രൂപയാണ്‌ പദ്ധതിക്ക്‌ നീക്കിവച്ചത്‌. പേപ്പർ കട്ടിങ് മെഷീനും പേപ്പറുകളും വാങ്ങാനാണിത്. മരുന്നുകവറുകൾക്ക് പാകത്തിൽ പേപ്പറുകൾ കട്ട് ചെയ്ത് രോഗികളുടെ വീടുകളിലെത്തിക്കും. പാലിയേറ്റീവ് ടീം ഇത്‌ വീടുകളിലെത്തി ശേഖരിക്കും. നിശ്‌ചിത വേതനവും രോഗികൾക്ക് നൽകും.

    ആദ്യഘട്ടത്തിൽ ഇരിവേരി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കുള്ള കവറുകളാണ്‌ നിർമ്മിക്കുക. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും അടുത്തഘട്ടത്തിൽ കവറുകൾ നൽകും. ഇരിവേരി സിഎച്ച്‌സിയിൽ ഒരു മാസം ഒരു ലക്ഷത്തോളം കവറുകൾ ആവശ്യമാണ്‌. ഉൽപ്പാദനം വർധിപ്പിച്ച്‌ സ്വകാര്യമേഖലകളിലും കവറുകൾ നൽകാനും ലക്ഷ്യമിടുന്നുണ്ട്‌.

    സംസ്ഥാനത്ത് ഇത്തരമൊരു പദ്ധതി ആദ്യത്തേതാണ്. അധ്വാനം കുറഞ്ഞ തൊഴിൽ എന്ന നിലയിലാണ് കിടപ്പിലായ രോഗികൾക്ക് തൊഴിൽ എന്ന നിലയിൽ കവറുകൾ തയ്യാറാക്കുന്നത് ഏറ്റെടുത്തത്. ഇത് കിടന്നുകൊണ്ടുതന്നെ എളുപ്പത്തിൽ തയ്യാറാക്കാനാകും. ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് പഞ്ചായത്തുകളിൽനിന്ന്‌ അഞ്ച് വീതം രോഗികളെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക്‌ പരിശീലനവും നൽകും.


    No comments

    Post Top Ad

    Post Bottom Ad