കൊറിയർ സേവനത്തിലേക്കും ചുവടുവെച്ച് സൊമാറ്റോ, പരമാവധി 10 കിലോ വരെ അയക്കാം
രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ കൊറിയർ സേവനത്തിലേക്കും ചുവടുകൾ ശക്തമാക്കുന്നു. കൊറിയർ സേവനമായ ‘എക്സ്ട്രീം’ എന്ന പുതിയ സംരംഭത്തിനാണ് സൊമാറ്റോ രൂപം നൽകിയിരിക്കുന്നത്. 3 ദശലക്ഷത്തിലധികം പേരുടെ ഇരുചക്ര വാഹന വിഭാഗത്തെ ഉൾക്കൊള്ളിച്ചാണ് കൊറിയർ സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ സൊമാറ്റോ ഭക്ഷണവിതരണം ചെയ്യുന്ന 750-800 നഗരങ്ങളിൽ എക്സ്ട്രീം സേവനം ലഭ്യമാണ്.
ഉപഭോക്താക്കൾക്ക് പരമാവധി 10 കിലോ വരെ ഭാരമുള്ള കൊറിയറുകൾ എക്സ്ട്രീം മുഖാന്തരം അയക്കാൻ സാധിക്കും. ഡോക്യുമെന്റുകൾ, മരുന്നുകൾ, ഭക്ഷണം, പലചരക്ക്, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയവയാണ് കൊറിയർ വഴി അയക്കാനാവുക. രാജ്യത്തെ ചെറുതും വലുതുമായ വ്യാപാരികളെ ലക്ഷ്യമിട്ടാണ് എക്സ്ട്രീമിന് രൂപം നൽകിയിരിക്കുന്നത്. ദൂരത്തിന് അനുസൃതമായി ഡെലിവറി ഫീസ് ഈടാക്കുന്നതാണ്. ആദ്യ കിലോമീറ്റന് 25 രൂപയാണ് നിരക്ക്. ഓരോ കിലോമീറ്റർ കൂടുംതോറും താരിഫ് നിരക്ക് ആനുപാതികമായി ഉയരും. കൊറിയർ സേവനത്തിലേക്കുള്ള സൊമാറ്റോയുടെ കടന്നുവരവ് പ്രധാന എതിരാളികളായ സ്വിഗ്ഗി, ഡൺസോ തുടങ്ങിയവയ്ക്ക് വെല്ലുവിളി ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തൽ.
No comments
Post a Comment