ഓർഡർ ചെയ്തത് 1 ലക്ഷം രൂപയുടെ സോണി ടിവി, ലഭിച്ചത് വില കുറഞ്ഞ തോംസൺ ടിവി! ഫ്ലിപ്കാർട്ടിനെതിരെ പരാതിയുമായി യുവാവ് രംഗത്ത്
ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് കബളിപ്പിക്കപ്പെടുന്നത്. ഓൺലൈൻ ഷോപ്പിംഗ് നടത്തിയതിലൂടെ കബളിപ്പിക്കപ്പെട്ട ഒരു യുവാവിന്റെ പരാതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്സ് സെയിൽ 1 ലക്ഷം രൂപയുടെ സോണി ടിവി ഓർഡർ ചെയ്ത യുവാവിന് വില കുറഞ്ഞ തോംസൺ ടിവി ലഭിച്ചെന്നാണ് ആരോപണം. ആര്യൻ എന്ന യുവാവാണ് ഫ്ലിപ്കാർട്ടിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിൽ തനിക്ക് നേരിട്ട അനുഭവത്തെക്കുറിച്ച് ആര്യൻ പങ്കുവെച്ചിട്ടുണ്ട്.
ലോകകപ്പ് ക്രിക്കറ്റ് മികച്ച കാഴ്ച്ച അനുഭവത്തോടെ ആസ്വദിക്കുന്നതിനായാണ് ബിഗ് ബില്യൺ ഡേയ്സ് നടക്കുന്ന സമയത്ത് ഓഫർ വിലയിൽ ആര്യൻ സോണിയുടെ ടിവി ഓർഡർ ചെയ്തത്. ഒരു ലക്ഷം രൂപയുടെ ടിവി ഓർഡർ ചെയ്ത തനിക്ക് ലഭിച്ച തോംസൺ വില കുറഞ്ഞ ടിവിയുടെ ചിത്രങ്ങളടക്കം ആര്യൻ പങ്കുവെച്ചിട്ടുണ്ട്. ഒക്ടോബർ 7-ന് ടിവിക്ക് ഓർഡർ നൽകുകയും, 10-ന് ഡെലിവറി ചെയ്യുകയുമായിരുന്നു. എന്നാൽ, പതിനൊന്നാം തീയതി ടിവി ഇൻസ്റ്റാൾ ചെയ്യാൻ ആൾ എത്തിയതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലാക്കുന്നത്.
ടിവി മാറിപ്പോയെന്ന വിവരം ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ കെയർ മുഖാന്തരം അറിയിച്ചെങ്കിലും, രണ്ടാഴ്ച പിന്നിട്ടിട്ടും നടപടി എടുത്തില്ലെന്നാണ് യുവാവിന്റെ പരാതി. എന്നാൽ, എക്സിൽ പോസ്റ്റിട്ടതോടെ പരാതി വൈറലാവുകയും, പ്രശ്നപരിഹാരവുമായി ഫ്ലിപ്കാർട്ട് രംഗത്തെത്തുകയുമായിരുന്നു. ആര്യന്റെ പോസ്റ്റ് വൈറൽ ആയതോടെ നിരവധി ആളുകൾ സമാനമായ പരാതികൾ ഉന്നയിച്ചിട്ടുണ്ട്.
No comments
Post a Comment