അമേരിക്കയില്‍ വിദ്വേഷക്കൊല, കൊല്ലപ്പെട്ടത് ആറ് വയസുകാരന്‍, കുത്തേറ്റത് 26 തവണ: കുട്ടി പലസ്തീന്‍ ബാലനാണെന്ന് സംശയം
വാഷിങ്ടണ്‍: അമേരിക്കയില്‍ ആറ് വയസ്സുകാരനായ മുസ്ലിം ബാലന്‍ കൊല്ലപ്പെട്ടു. വിദ്വേഷക്കൊലയാണ് നടന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയെയും അക്രമി കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. അവര്‍ ചികിത്സയിലാണ്.
ജോസഫ് സ്യൂബ എന്ന 71 കാരനാണ് അക്രമിയെന്ന് വില്‍ കൗണ്ടി പൊലീസ് പറഞ്ഞു. സ്യൂബയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ബാലനും അമ്മയും. കുട്ടിക്ക് 26 തവണ കുത്തേറ്റെന്ന് പൊലീസ് പറഞ്ഞു. ചിക്കാഗോയില്‍ നിന്ന് 64 കീലോമീറ്റര്‍ അകലെ പ്ലയിന്‍ഫീല്‍ഡിലാണ് സംഭവം നടന്നത്. മുസ്ലിം ആയതിനാലും ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷവും കാരണമാണ് പ്രതി അവരെ ലക്ഷ്യമിട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
ആക്രമണത്തെ ചെറുത്തുനിന്ന കുട്ടിയുടെ അമ്മ 911 എന്ന നമ്പറില്‍ വിളിച്ച് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ ഇരുവരും കുത്തേറ്റ നിലയില്‍ കിടപ്പുമുറിയിലായിരുന്നു. നെറ്റിയില്‍ മുറിവേറ്റ സ്യൂബ സമീപത്തായി നിലത്ത് ഇരിക്കുകയായിരുന്നു. കൊലപാതകം, കൊലപാതകശ്രമം, വിദ്വേഷ കുറ്റകൃത്യം എന്നീ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തി.
അതേസമയം, കൊല്ലപ്പെട്ട ബാലന്‍ ഏത് രാജ്യക്കാരനാണെന്ന് പൊലീസ് വ്യക്തമാക്കിയില്ല. എന്നാല്‍ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ – ഇസ്ലാമിക് റിലേഷന്‍സിന്റെ (സിഎഐആര്‍) ചിക്കാഗോ ഓഫീസ് കുട്ടിയെ പലസ്തീനിയന്‍-അമേരിക്കന്‍ എന്നാണ് വിശേഷിപ്പിച്ചത്. ‘നിങ്ങള്‍ മുസ്ലീങ്ങള്‍’ മരിക്കണം’ എന്ന് ആക്രോശിച്ചാണ് 70കാരന്‍ ആക്രമിച്ചതെന്ന് സിഎഐആറിന്റെ ചിക്കാഗോയിലെ മേധാവി അഹമ്മദ് റിഹാബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. ‘വിദ്വേഷം നിറഞ്ഞ ഭയാനകമായ പ്രവൃത്തി’ എന്നായിരുന്നു ബൈഡന്‍ പ്രതികരിച്ചത്.
No comments
Post a Comment