ഓട്ടോറിക്ഷ കത്തിയത് സിഎൻജി ടാങ്ക് റോഡിലുരഞ്ഞ് തീപടർന്ന്; ബസ് ഡ്രൈവർ അറസ്റ്റിൽ
കണ്ണൂർ: കതിരൂർ ആറാംമൈലിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷ കത്തിയത് സി.എൻ.ജി. ടാങ്ക് റോഡിലുരഞ്ഞ് തീപടർന്നാണെന്ന് അഗ്നിരക്ഷാസേനയുടെ പരിശോധനയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർ കൊളവല്ലൂരിലെ പി. അഭിലാഷ് (35), യാത്രക്കാരൻ പി. ഷജീഷ് (36) എന്നിവരാണ് മരിച്ചത്. ബസിടിച്ച് ഓട്ടോ മറിഞ്ഞതോടെ ഡ്രൈവറുടെ സീറ്റിനടിയിൽ ഘടിപ്പിച്ച സി.എൻ.ജി. സിലിൻഡറിന്റെ വാൾവ് റോഡിലുരഞ്ഞു പൊട്ടി ഗ്യാസ് ചോർന്നു. വാൾവ് റോഡിൽ തട്ടിയപ്പോഴുണ്ടായ തീപ്പൊരി ഉടനെ ഗ്യാസിൽ പടരുകയും ചെയ്തു. കണ്ണൂരിൽനിന്നുള്ള ഫൊറൻസിക് സംഘവും ശനിയാഴ്ച രാവിലെ അപകടം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി.
സി.എൻ.ജി. സുരക്ഷാ കവറില്ല
അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയ്ക്ക് സി.എൻ.ജി. സുരക്ഷാകവറില്ലെന്ന് കണ്ടെത്തി. റോഡിൽ മറിഞ്ഞുവീണപ്പോൾ സി.എൻ.ജി. ഗ്യാസ് ടാങ്കിന്റെ വാൾവ് പൊട്ടാൻ ഇതിടയാക്കി. ഇതോടെയാണ് ഗ്യാസ് ചോർന്നത്. തലശ്ശേരിയിൽനിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. അഗ്നിരക്ഷാസേനാ ഓഫീസർ ഷിനിത്തിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.
എൻഫോഴ്സ്മെന്റ് വിഭാഗം റിപ്പോർട്ട് നൽകി
സംഭവത്തിൽ മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗം ട്രാൻസ്പോർട്ട് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. ബസ് അമിതവേഗത്തിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറിഞ്ഞു.
ഓട്ടോഡ്രൈവറുടെ സീറ്റിനടിയിലെ ഇന്ധന ടാങ്കിന്റെ വാൾവ് റോഡിൽ തട്ടി തകർന്ന് തീപ്പൊരിയുണ്ടായി. ഇതോടെ ടാങ്ക് ലീക്കായി ഗ്യാസ് പുറത്തുവന്ന് തീ ആളിപ്പടരുകയായിരുന്നു-റിപ്പോർട്ടിൽ പറയുന്നു
No comments
Post a Comment