Header Ads

  • Breaking News

    ലൈഫ് ജാക്കറ്റ് പോലുമില്ലാതെ കുട്ടികള്‍ ഉള്‍പ്പെടെ കടലിൽ ഉല്ലാസ യാത്ര : പിന്തുടർന്ന് പിടികൂടി പൊലീസ്



    തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി കടലിൽ ഉല്ലാസ യാത്ര നടത്തിയ വള്ളം പിടികൂടി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. സ്ത്രീകളും പുരുഷൻമാരും അഞ്ച് വയസിന് താഴെയുള്ള കുട്ടികളും ഉൾപ്പെടെ 21 അംഗ സംഘവുമായി വിഴിഞ്ഞം തുറമുഖത്ത് നിന്ന് ഉൾക്കടൽ ലക്ഷ്യമാക്കി ഉല്ലാസ യാത്ര പുറപ്പെട്ട വള്ളത്തെയാണ് പിടികൂ‌ടിയത്.

    കുട്ടികൾ അടങ്ങുന്ന സംഘത്തിൽ ആർക്കും ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ജീവൻ രക്ഷാ സംവിധാനമില്ലാതെയാണ് സംഘം അപകടകരമായി യാത്ര നടത്തിയത്. ശക്തമായ കടൽ ക്ഷോഭവും തിരയും വക വയ്ക്കാതെ തുറമുഖ മൗത്തിൽ നിന്ന് ഉള്ളിലേക്ക് പോകുന്ന വള്ളത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതോടെയാണ് വാടകക്കെടുത്ത വള്ളത്തിൽ തീരദേശപോലീസും കടലിലേക്ക് തിരിച്ചത്.

    കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന തീരദേശ പൊലീസുകാർക്കും വള്ളം തടയാനുള്ള നിർദ്ദേശം അധികൃതർ നൽകി. പിടിയിലായ വള്ളത്തെയും ആൾക്കാരെയും തുറമുഖത്തേക്ക് തിരിച്ചെത്തിച്ച് ആളുകളെ സുരക്ഷിതമായി ഇറക്കിയ ശേഷം വള്ളം തീരദേശ പൊലീസ് കസ്റ്റഡിയിൽ എടുത്ത് തുടർ നടപടിക്കായി ഫിഷറീസ് വകുപ്പിന് കൈമാറി.

    ഇക്കഴിഞ്ഞ തിങ്കളാഴ്ചയും സമാനമായ രീതിയിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയ മറ്റൊരു വളളവും അധികൃതർ പിടികൂടിയിരുന്നു. സി.ഐ പ്രദീപ് കെ, എസ്.ഐ. ഗിരീഷ് കുമാർ , ഗ്രേഡ് എസ് ഐ ബിനു, സി.പി. ഒ വിപിൻ രാജ്, കോസ്റ്റൽ വാർഡൻമാരായ ശിലു വയ്യൻ, കിരൺ എന്നിവരടങ്ങിയ സംഘമാണ് വള്ളം തടഞ്ഞ് നിർത്തി യാത്രക്കാരെ പിടികൂടിയത്.


    No comments

    Post Top Ad

    Post Bottom Ad