വൈദ്യുതി ലഭ്യതയിലെ അപ്രതീക്ഷിത കുറവ്: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം തുടരാൻ സാധ്യത
വൈദ്യുതി ലഭ്യതയിലെ അപ്രതീക്ഷിത കുറവ് മൂലം സംസ്ഥാനത്ത് ഇന്നും നിയന്ത്രണം തുടരാൻ സാധ്യത. ഇന്നലെ വൈകിട്ട് 6 മണി മുതൽ 11 മണി വരെ ചിലയിടങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സ്ഥിതി ഇന്നും മെച്ചപ്പെട്ടില്ലെങ്കിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. അതേസമയം, വൈകിട്ട് 6 മണി മുതൽ 11 മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം പരമാവധി നിയന്ത്രിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്. കൂടംകുളം ആണവനിലയത്തിലെ ഉൽപ്പാദനത്തിൽ പെട്ടെന്ന് ഉണ്ടായ സാങ്കേതിക പ്രശ്നം മൂലമാണ് വൈദ്യുതി ലഭ്യത അപ്രതീക്ഷിതമായി കുറഞ്ഞത്.
ആണവ നിലയത്തിലെ തകരാറിനെ തുടർന്ന് ഇന്നലെ 266 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ലഭിച്ചിരുന്നില്ല. ഇത് ഇന്ന് പരിഹരിച്ചേക്കുമെന്നാണ് സൂചന. അതേസമയം ശബരിഗിരി ജലവൈദ്യുതി നിലയത്തിലെ ഒരു പെൻസ്റ്റോക്കിന് തകരാർ ഉണ്ടായതിനെ തുടർന്ന് 320 മെഗാവാട്ടിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. ഇതിൽ ഒരെണ്ണം പരിഹരിച്ചതോടെ 110 മെഗാവാട്ട് ലഭിച്ചുതുടങ്ങി. കൂടാതെ, ഇടുക്കി നിലയത്തിൽ വാർഷിക മെയിന്റനൻസ് നടക്കുന്നതിനാൽ, 130 മെഗാവാട്ടിന്റെ ജനറേറ്റർ പ്രവർത്തനം നിർത്തിയിരുന്നു. മറ്റൊരു തകരാറുമൂലം 130 മെഗാവാട്ടിന്റെ ജനറേറ്ററും പ്രവർത്തിച്ചിരുന്നില്ല. ഇവയെല്ലാം ഒരുമിച്ച് വന്നതോടെയാണ് സംസ്ഥാനം ഇന്നലെ അപ്രതീക്ഷിതമായി വൈദ്യുതിക്ഷാമം നേരിടേണ്ടിവന്നത്.
No comments
Post a Comment