വനിതാ ട്രാഫിക് എസ്ഐക്കെതിരേ കാർട്ടൂൺ: കാര്‍ട്ടൂണിസ്റ്റിനും അശ്ലീല കമന്റിട്ടവര്‍ക്കുമെതിരെ കേസ്
കട്ടപ്പന: അനാവശ്യമായി പിഴ ഈടാക്കുന്നെന്ന് ആരോപിച്ച് വനിതാ ട്രാഫിക് എസ്ഐക്കെതിരേ കാർട്ടൂൺ വരച്ച് ഫെയ്സ്ബുക്കിൽ പോസ്റ്റുചെയ്ത കാർട്ടൂണിസ്റ്റിന്റെ പേരിലും കേസെടുത്ത് പൊലീസ്. കാർട്ടൂണിസ്റ്റ് സജിദാസ് മോഹന്റെ പേരിലാണ് കട്ടപ്പന പോലീസ് കേസെടുത്തത്. പോസ്റ്റിന്റെ കമന്റ് ബോക്സിൽ എസ്ഐക്കെതിരേ ചിലർ അശ്ലീലപരാമർശം നടത്തിയിരുന്നു. ഇതോടെയാണ് നടപടി. അശ്ലീലപരാമർശം നടത്തിയവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കമന്റിട്ടവരുടെ വിവരങ്ങൾക്കായി സൈബർസെല്ലിന്റെ സഹായം തേടിയെന്ന് പോലീസ് അറിയിച്ചു. സൈബറിടങ്ങളിൽ അപകീർത്തിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസ്.
നാലുദിവസം മുൻപാണ് സജിദാസ്, ട്രാഫിക് ബ്ലോക്കിൽ നിർത്തിയ തന്റെ വാഹനത്തിന്റെ ചിത്രം എസ്ഐ പകർത്തിയെന്നും പിഴയിട്ടാൽ സ്റ്റേഷനുമുന്നിൽ പ്രതിഷേധിക്കുമെന്നുമുള്ള അടിക്കുറിപ്പോടെ കാർട്ടൂൺ പോസ്റ്റുചെയ്തത്.
അനാവശ്യമായി പിഴയീടാക്കുന്നെന്ന് ആരോപിച്ച് എസ്ഐക്കെതിരെ നഗരത്തിലെ ഒരുവിഭാഗം വ്യാപാരികൾ രംഗത്തുവന്നിരുന്നു. അതേസമയം, റോഡിലേക്ക് ഇറക്കി വാഹനം പാർക്കുചെയ്തവരുടെ പേരിലാണ് കേസെടുത്തതെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആണ് എസ്ഐയുടെ വിശദീകരണം.
No comments
Post a Comment