Header Ads

  • Breaking News

    സിറ്റി ഗ്യാസ്‌ കണ്ണൂർ നഗരത്തിലേക്കും



    കണ്ണൂർ : ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ്‌ ഗാർഹിക കണക്ഷനുള്ള പ്രവൃത്തി കണ്ണൂർ കോർപറേഷനിലെ എട്ട് ഡിവിഷനുകളിൽ തുടങ്ങി. ജനുവരിയോടെ വീടുകളിൽ കണക്‌ഷൻ നൽകാനാണ്‌ ലക്ഷ്യമിടുന്നത്‌. ചേലോറ സോണലിലെ ആറും എളയാവൂർ സോണലിലെ രണ്ടും ഡിവിഷനുകളിലാണ്‌ പ്രവൃത്തി തുടങ്ങിയത്‌. പൈപ്പുകൾ വഴി വീടുകളിൽ നേരിട്ട് പാചകവാതകം എത്തിക്കുന്നതാണ്‌ സിറ്റി ഗ്യാസ്‌ പദ്ധതി.

    കോർപറേഷൻ പരിധിയിലെ എട്ടുഡിവിഷനുകളിലായി ആയിരത്തോളം പേരാണ്‌ കണക്‌ഷന്‌ അപേക്ഷ നൽകിയത്‌. പ്രതിദിനം ചുരുങ്ങിയത്‌ നൂറുപേരെങ്കിലും അപേക്ഷിക്കുന്നുണ്ട്‌. പതിനായിരം പേർക്ക്‌ കണക്‌ഷൻ നൽകാനാണ്‌ ലക്ഷ്യമിടുന്നത്‌. ചേലോറ സോണലിലെ 14, 15, 16, 17, 18, 20, എളയാവൂർ സോണലിലെ 22, 25 ഡിവിഷനുകളിലാണ്‌ പ്രവൃത്തി തുടങ്ങിയത്‌.
    കണ്ണൂർ നഗരത്തിലേക്കുള്ള മെയിൻലൈൻ പൈപ്പിടലും പുരോഗമിക്കുന്നു. താണയിലാണ്‌ ഇപ്പോൾ പൈപ്പിടുന്നത്‌. നവംബറോടെ മെയിൻലൈനിൽ മേലെചൊവ്വയിൽ വാതകമെത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള സിറ്റി ഗ്യാസ് സ്‌റ്റേഷൻ കൂടാളിയിലാണ്. കൂടാളി പഞ്ചായത്തിലെ അറനൂറോളം വീടുകളിൽ സിറ്റി ഗ്യാസ്‌ കണക്‌ഷൻ ലഭ്യമായി.

    സുരക്ഷിതമായ പോളി എത്തിലിൻ പൈപ്പുകൾ ഉപയോഗിച്ചാണ് സിറ്റി ഗ്യാസ്‌ പദ്ധതിയിൽ വീടുകളിൽ പാചകവാതകം എത്തിക്കുന്നത്‌. വീടുകളിൽ കണക്ഷൻ എടുക്കുന്നതിന്‌ നിശ്ചിത തുക അടയ്‌ക്കണം. ഉപയോഗത്തിനനുസരിച്ചാണ്‌ മാസം പണം അടയ്‌ക്കേണ്ടത്‌. മുഴുവൻ സമയവും പാചകവാതകം ലഭ്യമാകുമെന്നതാണ് സിറ്റി ഗ്യാസിന്റെ പ്രധാന ആകർഷണം.

    ഇന്ത്യൻ ഓയിൽ കോർപറേഷനും അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡും ചേർന്നാണ്‌ പദ്ധതി. പൈപ്പ്‌ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ പാചകവാതകവും ലഭ്യമാക്കും. വാഹനങ്ങൾക്കാവശ്യമായ വാതകം നിറയ്ക്കുന്നതിനായുള്ള അഞ്ച്‌ സിഎൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്‌റ്റേഷനുകളും ജില്ലയിലുണ്ട്‌. കണ്ണൂർ സെൻട്രൽ ജയിൽ, മട്ടന്നൂർ, പറശ്ശിനിക്കടവ്‌, പരിയാരം, കൂത്തുപറമ്പ്‌ എന്നിവിടങ്ങളിലാണിത്‌. പയ്യന്നൂർ, കമ്പിൽ, തലശേരി എന്നിവിടങ്ങളിൽ ഈ മാസം പ്രവർത്തനക്ഷമമാകും. അടുത്ത മാർച്ചോടെ ജില്ലയിൽ സി.എൻ.ജി സ്‌റ്റേഷനുകളുടെ എണ്ണം ഇരുപതാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

    No comments

    Post Top Ad

    Post Bottom Ad