ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയ ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ അഹ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഉച്ചകഴിഞ്ഞ് രണ്ട് മണിയ്ക്ക് മത്സരം ആരംഭിക്കും. പരുക്കേറ്റ കെയിൻ വില്ല്യംസൺ കളിക്കില്ലെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ടോം ലാതം ആവും ടീമിനെ നയിക്കുക. അവസാന നാലിലെത്താൻ ഇടയുള്ളവരെന്ന് പല ക്രിക്കറ്റ് നിരീക്ഷകരും പ്രവചിച്ചിരിക്കുന്ന ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലൻഡും. അതുകൊണ്ട് തന്നെ ഇന്നത്തെ കളി ആവേശകരമാവും. ന്യൂസീലൻഡ് നിരയിൽ ട്രെൻ്റ് ബോൾട്ടിൻ്റെയും ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സിൻ്റെയും തിരിച്ചുവരവാണ് ശ്രദ്ധേയം. തിരികെവന്നതിനു ശേഷമുള്ള മത്സരങ്ങളിൽ ഇരുവരും തകർപ്പൻ പ്രകടനങ്ങൾ നടത്തുകയും ചെയ്തു.പരുക്കേറ്റ ബെൻ സ്റ്റോക്സ് പൂർണ ഫിറ്റല്ലെങ്കിൽ ഹാരി ബ്രൂക്ക് കളിക്കും. ബെയർസ്റ്റോ, ഡേവിഡ് മലാൻ എന്നിവർ ചേർന്നാവും ഓപ്പണിംഗ്. ജോ റൂട്ട്, ജോസ് ബട്ട്ലർ, ലിയാം ലിവിങ്സ്റ്റൺ, മൊയീൻ അലി എന്നിവർക്കൊപ്പം സാം കറൻ വരെ ബാറ്റിംഗ് നീളും. മാർക്ക് വുഡ്, ക്രിസ് വോക്സ് എന്നീ പേസർമാർക്കൊപ്പം ആദിൽ റഷീദ് സ്പെഷ്യലിസ്റ്റ് സ്പിന്നറാവും.കെയിൻ വില്ല്യംസൺ കളിക്കില്ലെന്ന് കനത്ത തിരിച്ചടിയാണെങ്കിലും സന്നാഹമത്സരത്തിൽ 97 റൺസെടുത്ത രചിൻ രവീന്ദ്രയ്ക്ക് അവസരം ലഭിക്കും. ഡെവോൺ കോൺവേ, വിൽ യങ് എന്നിവർ ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാൻ്റ്നർ എ എന്നിവർ വരെ ബാറ്റിംഗ് നീളും. മിച്ച് സാൻ്റ്നർ, ഇഷ് സോധി എന്നീ സ്പിൻ ഓപ്ഷനുകൾക്കൊപ്പം മാറ്റ് ഹെൻറി, ട്രെൻ്റ് ബോൾട്ട്, ലോക്കി ഫെർഗൂസൻ എന്നിവരാവും പേസർമാർ.
കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ബൗണ്ടറി എണ്ണത്തിൽ പരാജയപ്പെട്ടുപോയ ന്യൂസീലൻഡ് ഇന്ന് പ്രതികാരത്തിനായാവും ഇറങ്ങുക. അഹ്മദാബാദിൽ, രത്രി പന്തെറിയുന്ന ടീമിന് പിച്ചിൽ നിന്ന് സഹായം ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബാറ്റ് ചെയ്തേക്കും.
No comments
Post a Comment