കെട്ടിട നിര്‍മ്മാണം; കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല
കൽപ്പറ്റ: കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ചട്ടങ്ങളില്‍ ഇളവുവരുത്തി ഉത്തരവിറങ്ങി. ഹൈക്കോടതിയുടെ വിവിധ കേസുകളിലെ വിധിന്യായങ്ങള്‍ സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയുടെ നിര്‍ദ്ദേശം എന്നിവയുടെ അടിസ്ഥാനത്തിലാണ് കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതിന് മുമ്പ് നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്ന ഭൂമി കേരള ഭൂപരിഷ്‌കരണ നിയമം സെക്ഷന്‍ 81/1 പ്രകാരം ഇളവ് ലഭിച്ച ഭൂമിയില്‍പ്പെട്ടതാണോ എന്ന സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇനി മുതല്‍ ആവശ്യപ്പെടേണ്ടതില്ല. ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വില്ലേജ് ഓഫീസര്‍മാര്‍ കൈവശ സര്‍ട്ടിഫിക്കറ്റിലോ അല്ലാതയോ ഇനി രേഖപ്പെടുത്തി നല്‍കേണ്ടതില്ല. ഇതുസംബന്ധിച്ച് ഇതിന് മുമ്പ് പുറത്തിറക്കിയ എല്ലാ കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് സര്‍ക്കുലറുകളും പിന്‍വലിച്ചു.
കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008, കേരള ഭൂവിനിയോഗ ഉത്തരവ് 1967, കേരള ഭൂപഷ്‌കരണ നിയമം 1963 എന്നിവയുടെ ലംഘനം നടക്കുന്നില്ലെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ഉറപ്പാക്കണം. നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കെ.എല്‍.ആര്‍ ഇളവുകള്‍ സംബന്ധിച്ച പുതിയ ഉത്തരവ് ഭൂപരിഷ്‌കരണ നിയമ പ്രകാരം ഇളവനുവദിച്ച ഭൂമി ഇഷ്ടാനുസരണം മുറിച്ച് വിറ്റ് തരം മാറ്റാനുള്ളതല്ല. കേരള ഭൂരിഷ്‌കരണ നിയമ പ്രകാരം ഇളവുകള്‍ ലഭിച്ച ഭൂമി സെക്ഷന്‍ 81/1 ല്‍പ്പെടാത്ത വിഭാഗത്തിലേക്ക് തരം മാറ്റിയാല്‍ തരം മാറ്റിയ വിസ്തീര്‍ണ്ണം ഉള്‍പ്പെടെ കൈവശക്കാരന്റെ ആകെ കൈവശഭൂമിയുടെ വിസ്തീര്‍ണ്ണം സെക്ഷനില്‍ പറയുന്ന ഭൂമിക്ക് പുറത്താണോ എന്നത് വില്ലേജ് ഓഫീസര്‍മാരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ പരിശോധിക്കണം. ഈ നിയമലംഘനങ്ങള്‍ക്കെതിരെ കേസ്സെടുക്കുന്നതിന് വിവരങ്ങള്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
കെട്ടിട നിര്‍മ്മാണ അനുമതിക്കായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയ ഉത്തരവുകള്‍ വീട് നിര്‍മ്മാണത്തിനും മറ്റും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നതായും പരാതി ഉയര്‍ന്നു. തദ്ദേശ സ്ഥാപന അധികൃതര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും സമയബന്ധിതമായി ഇക്കാര്യങ്ങള്‍ നിറവേറ്റാനും പ്രയാസം നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ കെട്ടിട നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി ഇളവുകള്‍ നല്‍കി പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്.
No comments
Post a Comment