അമ്മത്തൊട്ടിലില്‍ ഏഴ് ദിവസം പ്രായമായ പുതിയ പെണ്‍കുഞ്ഞ്; പേര് നര്‍ഗീസ്
സംസ്ഥാന ശിശുക്ഷേമ സമിതി അരുമക്കുരുന്നുകള്‍ക്കായി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥി. വെള്ളിയാഴ്ച പുലര്‍ച്ചെ 1.30-ന് അതിഥിയായി എത്തിയ ഏഴു ദിവസം പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിന് നര്‍ഗീസ് എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ഗോപി അറിയിച്ചു.ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വര്‍ഷങ്ങളായി പോരാട്ടം നടത്തി ജയിലറയില്‍ കഴിയുന്ന ഇത്തവണത്തെ സമാധാന നൊബേല്‍ പുരസ്‌കാര ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നര്‍ഗീസ് മൊഹമ്മദിയുടെ പേരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ കുരുന്നിന് നര്‍ഗീസ് എന്നു പേര് നല്‍കിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ആധുനിക സാങ്കേതിക വിദ്യയോടെ നവീകരിച്ച അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന ആറാമത്തെ കുഞ്ഞാണ് നര്‍ഗീസ്. കഴിഞ്ഞ ഒന്നര മാസത്തിനിടെ തിരുവനന്തപുരത്ത് അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന നാലാമത്തെ കുട്ടിയാണ് പുതിയ കുരുന്ന്. അവസാനം ലഭിച്ച ആറു കുട്ടികളില്‍ അഞ്ചും ആണ്‍കുട്ടികളായിരുന്നു. 2002 നവംബര്‍ 14-ന് തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിച്ച ശേഷം സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലുകള്‍ വഴി ലഭിക്കുന്ന 587-ാമത്തെ കുട്ടിയാണ് നര്‍ഗീസ്
No comments
Post a Comment