കലാസംവിധായകന്‍ മിലന്‍ ഫെര്‍നാണ്ടസ് അന്തരിച്ചു; അന്ത്യം അജിത് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ
കലാസംവിധായകൻ മിലൻ ഫെർണാണ്ടസ് (54) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. നടൻ അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയർച്ചിയുടെ ചിത്രീകരണത്തിനിടെയാണ് മരണം സംഭവിച്ചത്. ഞായറാഴ്ച രാവിലെ മിലന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അസെര്‍ബെയ്‍ജാനിലായിരുന്നു മിലൻ. ഇവിടെ നിന്നായിരുന്നു അന്ത്യം സംഭവിക്കുന്നത്. സംഭവം അറിഞ്ഞ ഉടൻ അജിത്തും സംവിധായകൻ മഗിഷ് തിരുമേനിയും ഛായാഗ്രാഹകൻ നീരവ് ഷായും ആശുപത്രിയിൽ എത്തിയിരുന്നു. അജിത്തുമായി വളരെ അടുത്ത ബന്ധമാണ് മിലനുള്ളത്.
ബില്ല, വീരം, വേതാളം തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകൻ മിലനായിരുന്നു. 30ഓളം സിനിമകളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. സൂര്യയുടെ പുതിയ ചിത്രമായ കങ്കുവയുടെ കലാസംവിധായകനും മിലനാണ്.
മിലന്റെ മൃതദേഹം ചെന്നൈയിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരംഭിച്ചതായാണ് വിവരം. ഇതിനായി ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിനു ഭാര്യയും മകളും ഉണ്ട്
No comments
Post a Comment