വെങ്ങര മേൽപ്പാലം: വലിയ വാഹനങ്ങൾക്കുള്ള ഗതാഗത നിരോധനം ഒഴിവാക്കി
പഴയങ്ങാടി-മുട്ടം റോഡിൽ വെങ്ങര മേൽപ്പാല നിർമാണവുമായി ബന്ധപ്പെട്ട പണി നടക്കുന്നതിനാൽ കഴിഞ്ഞ മാസം ഏഴുമുതൽ വലിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് ഗതാഗതം സാധാരണനിലയിലാക്കിയത്.
ആദ്യം രണ്ടുമാസത്തേക്ക് ഇതുവഴി ഗതാഗതം പൂർണമായി നിരോധിക്കാനാണ് തീരുമാനിച്ചത്. എങ്കിലും ജനങ്ങളുടെ യാത്രാപ്രശ്നം കണക്കിലെടുത്ത് ചെറുവാഹനങ്ങൾ കടന്നുപോകാൻ പാകത്തിൽ മേൽപ്പാല നിർമാണം നടക്കുന്ന സ്ഥലത്തിന്റെ വശത്തുകൂടി താത്കാലിക റോഡ് നിർമിച്ചിരുന്നു.
മുട്ടം ഭാഗത്തെ രണ്ട് സ്ലാബിന്റെ വാർപ്പും അനുബന്ധ പണിയും ഏതാണ്ട് പൂർത്തിയായി. ഇനി 25 മീറ്റർ വീതം ദൈർഘ്യമുള്ള രണ്ട് പ്രധാന സ്ലാബുകൾ കൂടി ഈ ഭാഗത്ത് പൂർത്തിയാക്കേണ്ടതുണ്ട്. വെങ്ങര ഭാഗത്തെ സ്ലാബ് നിർമാണം ഏതാണ്ട് പൂർത്തിയായി. റെയിൽവേയുടെ ഭാഗത്തു നിന്നുള്ള തൂണുകളുടെ പണികൾ കൂടി പൂർത്തിയായാൽ മേൽപ്പാല നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ.
No comments
Post a Comment