മലയും പുഴയും തീരവും കാണാം ട്രാവൽ ബസാറിന് ഇന്ന് തുടക്കം
കണ്ണൂർ : നോർത്ത് മലബാർ ട്രാവൽ ബസാർ ചൊവ്വാഴ്ച രാവിലെ 10-ന് പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ കഥാകൃത്ത് ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷൻ (നോംറ്റോ) ആണ് സംഘാടകർ.
രാവിലെ ഒൻപതുമുതൽ ആറുവരെ സ്റ്റാളുകൾ പ്രവർത്തിക്കും. പ്രഗല്‌ഭരായ 200 ഓപ്പറേറ്റർമാരാണ് പങ്കെടുക്കുന്നത്. ട്രാവൽ ബസാറിൽ പങ്കെടുക്കാനെത്തിയ ടൂർ ഓപ്പറേറ്റർമാർക്കായി തിങ്കളാഴ്ച പൈതൃക ടൂർ സംഘടിപ്പിച്ചു. തലശ്ശേരിയിലെ കോട്ട, പാണ്ടികശാല, സെയ്ന്റ് ആംഗ്ലിക്കൻ പള്ളി എന്നിവിടങ്ങൾ സന്ദർശിച്ചു. ചൊവ്വാഴ്ച ടൂർ ഓപ്പറേറ്റർമാർ സംഘങ്ങളായി നഗരത്തിലെയും പരിസരങ്ങളിലെയും ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കും.
റെയിൽവേ പ്ലാറ്റ്‌ഫോമിൽനിന്ന് 100 കോടിയിലേക്ക്
:റെയിൽവേ പ്ലാറ്റ്‌ഫോമിൽ ചുരുണ്ടുറങ്ങിയ കാലം. പ്രതിസന്ധികളെ നേരിട്ടുള്ള ജീവിതയാത്ര. ഇപ്പോൾ 100 കോടി ലാഭമുള്ള ട്രാവൽ കമ്പനിയുടെ ഉടമ. തമിഴ്‌നാട് തിരുച്ചെന്തൂർ സ്വദേശിയായ വി.കെ.ടി.ബാലനെ കുറിച്ചുള്ള വിശേഷണം. നോർത്ത് മലബാർ ട്രാവൽ ബസാറിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയതാണ് അദ്ദേഹം.
ചെന്നൈയിലെത്തിയ ആദ്യനാളുകളിൽ ഒരുനേരംപോലും വിശപ്പടക്കാനാകാതെ വലഞ്ഞു. അമേരിക്കൻ എംബസിക്ക് മുന്നിൽ വിസയ്ക്കുവേണ്ടി ക്യൂ നിൽക്കുന്നവർക്ക് പകരക്കാരനായിനിന്ന് കിട്ടിയ തുകയായിരുന്നു ആദ്യ വരുമാനം.
പിന്നീട് കൂറിയർ കമ്പനിയിലെ പാർസൽ വിതരണക്കാരനായി. പാർസലുമായുള്ള യാത്രയിൽ തീവണ്ടി രാമേശ്വരമെത്തുന്നതിന് രണ്ട് കിലോമീറ്റർ മുൻപായി നിന്നുപോയി. 100 പേരുടെ വിസയെത്തിക്കണം. പിന്നീട് മറ്റൊന്നും നോക്കിയില്ല.
ഇരുവശവും വീശിയടിക്കുന്ന തിരമാലകളുടെ മുകളിലെ ട്രാക്കിലൂടെ വിസയടങ്ങിയ ബാഗ് ശരീരത്തോട് ചേർത്തുകെട്ടി ഇഴഞ്ഞുനീങ്ങി. ഈ സംഭവത്തിലൂടെ ബാലൻ ടൂർ-ട്രാവൽ മേഖലയിലെ വിശ്വാസ്യതയുടെ പര്യായമായി.
1986-ൽ സ്വന്തമായി ഒരു ചെറിയ ട്രാവൽ കമ്പനി തുടങ്ങി. 12 വർഷമായപ്പോൾ 20 കോടി രൂപ വരുമാനമായി. ഇന്ന് അന്താരാഷ്ട്ര ടൂർ പാക്കേജുകൾ നടത്തുന്ന മധുര ട്രാവൽസിന്റെ ഉടമയാണ്.
തമിഴ്‌നാട്ടിലെ പരമോന്നതമായ കലൈമാമണി പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്. നാടിന്റെ തനതായ സവിശേഷതകൾ ഉയർത്തിക്കാട്ടി നിരന്തരം പ്രചാരണം നടത്തുന്നതിലൂടെയാണ് ടൂറിസം വളരുകയെന്ന് വി.കെ.ടി.ബാലൻ പറഞ്ഞു
No comments
Post a Comment