‘ഹേയ് മെറ്റ…’ എന്ന ഒറ്റ വിളി മതി! മെറ്റയുടെ പുതിയ റെയ്ബാൻ സ്മാർട്ട് ഗ്ലാസ് വിപണിയിൽ അവതരിപ്പിച്ചു
ടെക്നോളജി അതിവേഗത്തിൽ വികസിച്ചതോടെ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റാൻ വിവിധ തരത്തിലുള്ള ഉപകരണങ്ങൾ പുറത്തിറക്കുന്ന തിരക്കിലാണ് മെറ്റ അടക്കമുള്ള ആഗോള ടെക് ഭീമന്മാർ. ഇത്തവണ പ്രമുഖ സൺ ഗ്ലാസ് ബ്രാൻഡായ റെയ്ബാനുമായി സഹകരിച്ച് പുതിയ സ്മാർട്ട് ഗ്ലാസാണ് മെറ്റ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘ഹേയ് മെറ്റ..’ എന്ന ഒറ്റ വിളിയിലൂടെ റെയ്ബാൻ സ്മാർട്ട് ഗ്ലാസ് പ്രവർത്തനക്ഷമമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് ഈ സ്മാർട്ട് ഗ്ലാസിന്റെ പ്രവർത്തനം. പല കാര്യങ്ങളും ഈ സ്മാർട്ട് ഗ്ലാസിലൂടെ ഉപഭോക്താക്കൾക്ക് ലൈവ് സ്ട്രീം ചെയ്യാൻ കഴിയുന്നതാണ്.
ഹാൻഡ്സ് ഫ്രീയായി ഉപയോഗിക്കാവുന്ന ക്യാമറയാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. 12 മെഗാപിക്സലുളള ഈ ക്യാമറകൾ വഴിയാണ് ഉപഭോക്താക്കൾക്ക് ലൈവ് വീഡിയോ സ്ട്രീമിംഗ് സാധ്യമാക്കുന്നത്. ഈ സ്മാർട്ട് ഗ്ലാസിലൂടെ പാട്ട് കേൾക്കാനും കഴിയുന്നതാണ്. യുഎസ്, കാനഡ, ഓസ്ട്രേലിയ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഒക്ടോബർ 17 മുതൽ സ്മാർട്ട് ഗ്ലാസ് വാങ്ങാനാകും. നിലവിൽ, ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിലേക്ക് എത്തുമ്പോൾ ഏകദേശം 25,000 രൂപ ഈ സ്മാർട്ട് ഗ്ലാസിന് വില പ്രതീക്ഷിക്കാവുന്നതാണ്.
No comments
Post a Comment