Header Ads

  • Breaking News

    സ്കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി മരക്കൊമ്പ് വെട്ടി; പ്രധാനാധ്യാപകന്റെ പരാതിയിൽ കേസ്



    കണ്ണൂർ: കണ്ണൂർ താവക്കരയിൽ സ്കൂൾ വളപ്പിലെ മരക്കൊമ്പുകൾ മുറിച്ച സംഭവത്തിൽ പ്രധാന അധ്യാപകന്റെ പരാതിയിൽ കേസ് എടുത്തു. സ്കൂളിൽ അതിക്രമിച്ചു കയറിയതിന് പ്രധാനാധ്യാപകന്‍റെ പരാതിയിലാണ് ടൗൺ പൊലീസ് കേസെടുത്തത്. സർക്കാർ പരസ്യബോർഡിൽ മുഖ്യമന്ത്രിയുടെ മുഖം മറഞ്ഞത് കൊണ്ടാണ് മരക്കൊമ്പ് വെട്ടിയതെന്നാണ് ആരോപണം. കണ്ണൂർ ന​ഗരത്തിലെ താവക്കര എൽപി സ്കൂളിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂൾ കോമ്പൗണ്ടിലുള്ള മരത്തിന്റെ കൊമ്പുകളാണ് അജ്‍ഞാതരായ ആളുകൾ അതിക്രമിച്ച് കയറി വെട്ടിയത്. ഇതിൽ പ്രധാന അധ്യാപകൻ ടൗൺ പോലീസിൽ പരാതി നൽകിയിരുന്നു. 

    പൊലീസ് ക്ലബ് ജം​ഗ്ഷനിൽ നിന്ന് താവക്കര ഭാ​ഗത്തേക്കുള്ള വഴിയിലാണ് ലൈഫ് മിഷൻ പദ്ധതിയുടെ വലിയ പരസ്യബോർഡ് സ്ഥിതി ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ ചിത്രമുൾപ്പെടെയുള്ള പരസ്യബോർഡാണിത്. ഇത് മറയുന്നത് കൊണ്ടാണ് കൊമ്പുകൾ മുറിച്ചതെന്നാണ് ആരോപണം. രണ്ട് ദിവസം മുമ്പ് ചിലർ സ്കൂളിലെത്തി മരം വെട്ടട്ടെ എന്ന ചോദിച്ചിരുന്നു. എന്നാൽ അതിന് അനുവാദം നൽകിയിരുന്നില്ല എന്ന് പ്രധാന അധ്യാപകൻ പരാതിയിൽ പറയുന്നുണ്ട്. ഐപിസി 447, 427 എന്നീ വകുപ്പുകൾ ചേർത്ത് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. ആരെയും ഇതിൽ പ്രതി ചേർത്തിട്ടില്ല. കോമ്പൗണ്ട് വളപ്പിൽ അതിക്രമിച്ച് കയറിയതിനാണ് കേസെടുത്തിരിക്കുന്നത്. 

    No comments

    Post Top Ad

    Post Bottom Ad