ഇന്ന് വലിയ ശബ്ദത്തോടെ മൊബൈലിൽ മെസേജ് വരും! പേടിക്കേണ്ട
കേരളത്തിലെ ഉപഭോക്താക്കളുടെ മൊബൈൽ ഫോണുകളിലേക്ക് ഇന്ന് വലിയ ശബ്ദത്തോടെ എമർജൻസി അലർട്ട് ഉണ്ടാകുമെന്നും, ഇതിൽ ആശങ്കപ്പെടേണ്ടതെന്നും കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. പ്രകൃതിദുരന്തങ്ങളിൽ അടിയന്തര അറിയിപ്പുകൾ മൊബൈൽ ഫോണിൽ ലഭ്യമാക്കാനുള്ള സെൽ ബ്രോഡ്കാസ്റ്റിംഗ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണം നടക്കുന്നതിനെ തുടർന്നാണ് ഉപഭോക്താക്കളുടെ ഫോണുകളിൽ ഉയർന്ന ശബ്ദം മുഴങ്ങുക. ശബ്ദത്തോടൊപ്പം മുന്നറിയിപ്പ് സന്ദേശങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ഈ സന്ദേശങ്ങളോട് പ്രതികരിക്കേണ്ട ആവശ്യമില്ല.
അലാറം പോലുള്ള ശബ്ദമാണ് ഫോണിൽ നിന്ന് മുഴങ്ങുക. ഓരോ മേഖലയിലും ഓരോ ദിവസമാണ് ട്രയൽ നിശ്ചയിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ അതോറിറ്റി, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, സംസ്ഥാന-ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവർ സംയുക്തമായി ചേർന്നാണ് ട്രയൽ നടത്തുന്നത്. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന സമയത്ത് ഇത്തരം അലർട്ടുകൾ നൽകുന്നതിലൂടെ പൊതുജനങ്ങൾക്ക് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനാകും. മൊബൈൽ ഫോണിന് പുറമേ, ടെലിവിഷൻ, റേഡിയോ എന്നിവ വഴിയും അലർട്ട് നൽകുന്നത് പരിഗണനയിലാണ്.
No comments
Post a Comment