ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ, അമേരിക്ക സൈനിക സഹായം നൽകും
ടെൽഅവീവ് : പലസ്തീൻ സായുധ സംഘടനയായ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് യുദ്ധം പ്രഖ്യാപിച്ചത്. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്.
ഇസ്രായേലിന് അമേരിക്ക സാമ്പത്തിക-സൈനിക സഹായം നൽകും. അധിക സാമ്പത്തിക-സൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു. ഇസ്രയേലിന്റെ സഹായ അഭ്യർത്ഥനകൾ അവലോകനം ചെയ്യുകയാണെന്നും തീരുമാനം ഇന്ന് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിനെ അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്. ഇതേ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും ബ്ലിങ്കൻ അറിയിച്ചു.
ഇന്നലെ രാവിലെയാണ് ഇസ്രായേലിൽ ഹമാസ് ആക്രമണം നടത്തിയത്. 5,000 റോക്കറ്റുകളാണ് 20 മിനിറ്റിൽ ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് കുതിച്ചത്. കെട്ടിടങ്ങൾ നാമാവശേഷമായി. ഇറാന്റെ സഹായത്തോടെ ഇസ്രായേലിനുള്ളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. പിന്നാലെ യന്ത്ര തോക്കുകളുമായി ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം തെരുവിൽ വെടിവെപ്പും നടത്തി. ആക്രമണം ആരംഭിച്ച് 36 മണിക്കൂറിന് ശേഷവും ഇസ്രയേലിനുള്ളിൽ ഹമാസിന്റെ ആക്രമണം തുടരുകയാണ്. സൈനികർ അടക്കം നൂറിലേറെ ഇസ്രയേലി പൗരന്മാർ ഇപ്പോഴും ബന്ദികളാണെന്നാണ് വിവരം. കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു.
സകല സന്നാഹങ്ങളും ഉപയോഗിച്ച്, അതിശക്തമായി തിരിച്ചടിക്കുകയാണ് ഇസ്രായേൽ. ഗാസയിലെ 429 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 330 പേർ കൊല്ലപ്പെട്ടു. ബഹുനില കെട്ടിടങ്ങൾ അടക്കം ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ നിലംപൊത്തി. ഇക്കൂട്ടത്തിൽ ഹമാസിന്റെ ആയുധ കേന്ദ്രങ്ങൾ അടക്കം ഉണ്ടെന്നും ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഗാസ മുനമ്പിലെ പരിമിത സൗകര്യങ്ങൾ മാത്രമുള്ള ആശുപത്രികളിൽ മതിയായ മരുന്നോ ചികിത്സയോ ഇല്ലാതെ മുറിവേറ്റവർ കഴിയുന്ന വീഡിയോയും പുറത്ത് വന്നു.
No comments
Post a Comment