തലശ്ശേരിയിലെ സിക്ക വൈറസ് സ്ഥിരീകരണം ; 4 സാംപിളുകൾ കൂടി പരിശോധനയ്ക്ക്, എന്റമോളജി സംഘം കോടതിയും പരിസരവും പരിശോധിച്ചു
കണ്ണൂർ :- തലശ്ശേരി ജില്ലാ കോടതി കോംപ്ലക്സിലെ 3 കോടതികളിൽ ജുഡീഷ്യൽ ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് കാരണം സിക വൈറസാണന്നു സ്ഥിരീകരിച്ചതോടെ, തിരുവനന്തപുരത്തു നിന്നുള്ള എന്റമോളജി സംഘം കോടതിയും പരിസരവും പരിശോധിച്ചു. അസിസ്റ്റന്റ് എന്റമോളജി ഡയറക്ടർ എം.എസ് ശശിയുടെ നേതൃത്വത്തിലുള്ള 8 ഡോക്ടർമാരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. 3 കിലോമീറ്റർ ചുറ്റളവിലുള്ള ലാർവ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കോടതി പരിസരത്തുള്ള 6 വയസ്സുള്ള കുട്ടിക്കു രോഗലക്ഷണങ്ങൾ കണ്ടതോടെ പരിശോധനയ്ക്കായി സാംപിൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. കൊളശ്ശേരി അർബൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പനിയുമായെത്തിയ 3 പേരുടെ സാംപിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തെ അയച്ച 24 സാംപിളുകളിൽ എട്ടെണ്ണമാണു പോസിറ്റീവായത്. നഗരസഭയുടെ നേതൃത്വത്തിൽ കോടതിയും പരിസരവും ശുചീകരിച്ചു.
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ റീനയുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ അഡിഷണൽ സെഷൻസ് കോടതി(ഒന്ന്) ജഡ്ജി എ.വി മൃദുല, പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത് കുമാർ, ഡിഎംഒ എം.പി ജീജ, തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ രാജീവൻ, ബാർ അസോസിയേഷൻ ഭാരവാഹികളായ അഡ്വ.ജി.പി ഗോപാലകൃഷ്ണൻ, അഡ്വ.ബിജേഷ് ചന്ദ്രൻ, നഗരസഭാധ്യക്ഷ കെ.എം ജമുനറാണി എന്നിവർ പങ്കെടുത്തു.
No comments
Post a Comment