Header Ads

  • Breaking News

    എസ്എഫ്‌ഐയുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ കണ്ണൂരിലേയ്ക്ക്




    കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ ഫേസ്ബുക്കിലൂടെയും വിവരം പങ്കുവച്ചിട്ടുണ്ട്. നവംബര്‍ 27, 28, 29 തിയതികളില്‍ താവക്കര കാമ്പസില്‍ വെച്ച് നടക്കുന്ന സാഹിത്യോത്സവത്തില്‍ 29നാകും ഉദയനിധി സ്റ്റാലിന്‍ പങ്കെടുക്കുക.

    കേരളത്തിലും പുറത്തുമുള്ള വിഖ്യാതരായ എഴുത്തുകാരും ചിന്തകരും ഗവേഷകരുമായ നൂറോളം പേര്‍ പരിപാടിയുടെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

    അനുശ്രീയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

    കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സര്‍വകലാശാലയുടെ മുഖ്യകേന്ദ്രമായ താവക്കര കാമ്പസില്‍ വെച്ച് 2023 നവംബര്‍ 27, 28, 29 തിയതികളില്‍ ഒരു സാഹിത്യോത്സവം സംഘടിപ്പിക്കുകയാണ്. സര്‍വകലാശാലാ വിദ്യാര്‍ത്ഥികളിലേക്ക് മാനവികതയുടെയും സമഭാവനയുടെയും ആശയങ്ങളിലെത്തിക്കുക എന്നതാണ് ഈ മേളയുടെ പ്രാഥമിക ലക്ഷ്യം. അതിനാല്‍ തന്നെ ‘Where Diversity Meets’ എന്നതാണ് മേളയുടെ മുഖവാചകമായി സ്വീകരിച്ചിട്ടുള്ളത്.

    കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന മുഖ്യധാരാ സാഹിത്യോത്സവങ്ങളില്‍ നിന്നു ഭിന്നമായി അന്വേഷണകുതുകികള്‍ക്ക് ആലോചനാമേഖലകള്‍ തുറന്നു കിട്ടുന്ന നിലയിലാണ് മേള സംവിധാനം ചെയ്തിരിക്കുന്നത്. ഉത്തരകേരളത്തിന്റെ സമ്പന്നമായ ബഹുസ്വരസംസ്‌കൃതിയെ അടയാളപ്പെടുത്തുക, മലയാള സാഹിത്യ/കലാവിഷ്‌കാരങ്ങളുടെ ചരിത്രവര്‍ത്തമാനങ്ങളിലൂടെ കടന്നുപോവുക, വര്‍ത്തമാനകാല രാഷ്ട്രീയ പരിതസ്ഥികളെ കുറിച്ച് സൂക്ഷ്മമായി പരിശോധിക്കുക തുടങ്ങിയ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള നൂറോളം സെഷനുകള്‍ മേളയിലുണ്ടാവും. കേരളത്തിലും പുറത്തുമുള്ള വിഖ്യാതരായ എഴുത്തുകാരും ചിന്തകരും ഗവേഷകരുമായ നൂറോളം അതിഥികള്‍ മേളയില്‍ സംസാരിക്കും. സാഹിത്യോത്സവം സച്ചിദാനന്ദന്‍ മാഷും സമാപന സമ്മേളനം ഉദയനിധി സ്റ്റാലിനും ഉദ്ഘാടനം ചെയ്യും’.

    No comments

    Post Top Ad

    Post Bottom Ad