തലശ്ശേരി - മാഹി ബൈപ്പാസിൽ ഗർഡർ സ്ഥാപിക്കുന്നു ; മൂന്ന് മാസത്തേക്ക് ഗതാഗത നിരോധനം
തലശ്ശേരി :- തലശ്ശേരി-മാഹി ബൈപ്പാസിൽ അഴിയൂരിൽ റെയിൽവേ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പണി തുടങ്ങി. ഇതിന്റെ ഭാഗമായി മാഹി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള രണ്ടാം റെയിൽവേ ഗേറ്റ് വഴിയുള്ള പൊതുഗതാഗതം ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതൽ മൂന്ന് മാസത്തേക്ക് നിരോധിക്കും. റെയിൽപ്പാളത്തിനു മുകളിൽ രാത്രിയാണ് ഗർഡർ സ്ഥാപിക്കുക. ഈ സമയത്ത് തീവണ്ടി ഗതാഗതത്തെ ബാധിക്കാൻ സാധ്യതയുണ്ട്.
150 മീറ്റർ നീളത്തിലാണ് മേൽപാലം. അതിന് 42 ഗർഡറുകൾ വേണം. ഒരു ഗർഡറിന് ഇരുമ്പിന്റെ അഞ്ച് ഭാഗമാണുള്ളത്. ഒരു ട്രെയിലറിൽ ഒരുതവണ ഗർഡറിന്റെ മൂന്നുഭാഗമാണ് കൊണ്ടുവന്നത്. ട്രെയിലറിൽ ചെന്നെ ആർക്കോണത്തുനിന്ന് റോഡ് മാർഗമാണ് എത്തിച്ചത്. ഗർഡർ സ്ഥാപിക്കാൻ വൈകിയത് മേൽപ്പാലത്തിന്റെ നിർമാണത്തെ ബാധിച്ചു. ഏപ്രിൽ 30-ന് സ്ഥാപിക്കാനാണ് തീരുമാനിച്ചത്. എന്നാൽ പണി നീളുകയായിരുന്നു.
റെയിൽവേയുടെ മേൽനോട്ടത്തിൽ റെയിൽവേ കരാറുകാരനാണ് ഗർഡർ സ്ഥാപിക്കുക. മേൽപ്പാലത്തിന്റെ തൂണുകളും ബീമിന്റെയും നിർമാണവും നേരത്തെ പൂർത്തിയായതാണ്. മേൽപ്പാലം നിർമാണം നീളുന്നത് ബൈപ്പാസിന്റെ ഉദ്ഘാടനത്തെ ബാധിച്ചിരിക്കുകയാണ്.
No comments
Post a Comment