മാപ്പ് പറയില്ല, തനിക്ക് അറിയാവുന്ന ഭാഷയിലെ സംസാരിക്കൂ'; ‘ചേരി ‘പരാമർശത്തിൽ ഉറച്ചുനിന്ന് ഖുശ്ബു
ചെന്നൈ: ‘ചേരി ‘പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. പരാമർശം പിൻവലിക്കില്ലെന്ന് ഖുശ്ബു പറഞ്ഞു. സർക്കാർ രേഖകളിൽ വരെ ചേരി എന്നുപയോഗിക്കുന്നുണ്ട്. ചേരി എന്ന വാക്ക് ഉള്ള സ്ഥലങ്ങളും തമിഴ്നാട്ടിലുണ്ട്. തനിക്ക് അറിയാവുന്ന ഭാഷയിലെ സംസാരിക്കൂവെന്നും ഖുശ്ബു പറഞ്ഞു. അംബേദ്കറിന് ഭാരത് രത്‌ന നൽകാത്ത കോൺഗ്രസ്സ് തന്നെ വിമർശിക്കേണ്ടെന്നും ഖുശ്ബു കൂട്ടിച്ചേർത്തു. അതേസമയം, ‘ചേരി’ പരാമർശം വിവാദമായതോടെ ഖുശ്ബുവിനെതിരെയുള്ള പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഖുശ്ബുവിന്‍റെ ചെന്നൈയിലെ വീടിന് മുന്നിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. 20ലധികം പൊലീസുകാരെയാണ് സുരക്ഷ മുന്‍നിര്‍ത്തി വീടിന് മുന്നില്‍ വിന്യസിച്ചിരിക്കുന്നത്. വനിത പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ‘ചേരി’പരാമർശത്തിൽ വീട്ടിലേക്ക് പ്രതിഷേധ റാലി ഉള്‍പ്പെടെ നടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പൊലീസ് നടപടി.
പരാമര്‍ശത്തില്‍ ഖുശ്ബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിസികെ പാര്‍ട്ടി ചെന്നൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പട്ടികജാതി -പട്ടിക വർഗ നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. തൃഷയെ പരാമര്‍ശിച്ചുകൊണ്ടുള്ള മന്‍സൂര്‍ അലി ഖാന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനകളില്‍ നടപടിയെടുക്കുന്നതില്‍ ദേശീയ വനിതാ കമ്മിഷന്‍ ഇരട്ടത്താപ്പ് കാണിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള ഒരു ഡിഎംകെ പ്രവര്‍ത്തകന്‍റെ എക്സ് പോസ്റ്റിന് മറുപടിയായി ഖുശ്ബു എഴുതിയ കുറിപ്പിലാണ് വിവാദ പരാമര്‍ശം കടന്നുവന്നത്.
No comments
Post a Comment