തന്റെ വസ്തുവകകൾ കയ്യടക്കി, കിടപ്പിലായ മാതാപിതാക്കളെ കാണാൻ പോലും അനുവദിക്കുന്നില്ല: ഗിരീഷിനെ ഭയന്ന് ജീവിതമെന്ന് സഹോദരൻ
പത്തനംതിട്ട: റോബിൻ ബസുടമ ഗിരീഷിനെതിരെ സ്വന്തം സഹോദരൻ തന്നെ രംഗത്ത് വന്നതോടെ ചിലരുടെയെങ്കിലും മനസ്സിൽ നായക സ്ഥാനത്തുണ്ടായിരുന്ന ഗിരീഷിന്റെ പ്രതിച്ഛായ മങ്ങുന്നു. സംസ്ഥാന സർക്കാരിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ആളെന്ന നിലയിൽ ഒരുപറ്റം ആളുകളുടെ ആരാധനാപുരുഷനായിരുന്നു ഗിരീഷ്. എന്നാൽ, സ്വന്തം സഹോദരന് പോലും സ്വൈര്യം കൊടുക്കാത്ത ആളാണ് ഗിരീഷെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇദ്ദേഹത്തിന്റെ ആരാധകവൃന്ദവും ആശയക്കുഴപ്പത്തിലാണ്.
ഗിരീഷിന്റെ സഹോദരൻ ബേബി ഡിക്രൂസ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് ഗിരീഷിന്റെ മറ്റൊരു മുഖത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്. പരാതിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഗിരീഷിനെതിരെ സഹോദരൻ ബേബി ഡിക്രൂസ് ഉയർത്തിയിട്ടുള്ളത്. വർഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് ബേബി ഡിക്രൂസ് പറയുന്നത്.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി. നിരന്തരമായി ഭീഷണിപ്പെടുത്തി കിടപ്പിലായ മാതാപിതാക്കളെ കാണാൻ അനുമതി നിഷേധിച്ചെന്നുമാണ് ബേബിയുടെ ആരോപണം.
ഭീഷണിയും, ഉപദ്രവവും മൂലം ഒളിവിൽ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരൻ വെളിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സഹോദരൻ പറയുന്നു. വാടക വീടുകളിൽ താമസിക്കുന്ന തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും തങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബേബി ഡിക്രൂസ് പറഞ്ഞു.
No comments
Post a Comment