എന്തിനിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു'; പതഞ്ജലിക്ക് സുപ്രീം കോടതിയുടെ താക്കീത്
ദില്ലി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കാൻ പതഞ്ജലിയോട് സുപ്രീംകോടതി. പതഞ്ജലി ആയുർവേദ് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ രോഗങ്ങൾ ഭേദമാക്കുമെന്ന തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനെതിരെയാണ് സുപ്രീം കോടതി എതിർപ്പ് രേഖപ്പെടുത്തിയത്.
കോവിഡ് -19 വാക്‌സിനേഷനെതിരേ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ അഹ്‌സനുദ്ദീൻ അമാനുള്ള, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പതഞ്ജലിക്ക് തെക്കേത് നൽകിയിരിക്കുന്നത്. പതഞ്ജലിയോട് വഞ്ചനാപരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശിക്കുകയും അനുസരിക്കാത്തതിന് കാര്യമായ പിഴ ചുമത്തുമെന്നും സുപ്രീംകോടതി അറിയിച്ചു. പതഞ്ജലി ആയുർവേദിന്റെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഉടൻ പിൻവലിക്കണം. അത്തരം ലംഘനങ്ങൾ കോടതി വളരെ ഗൗരവമായി കാണുകയും ഒരു പ്രത്യേക രോഗം ഭേദമാക്കുമെന്ന് തെറ്റായ അവകാശവാദം ഉന്നയിക്കുന്ന ഓരോ ഉൽപ്പന്നത്തിനും ഒരു കോടി രൂപ വരെ പിഴ ചുമത്തുന്നത് പരിഗണിക്കുകയും ചെയ്യുമെന്ന് ജസ്റ്റിസ് അമാനുള്ള അഭിപ്രായപ്പെട്ടു.
No comments
Post a Comment