വിനോദ സഞ്ചാര മേഖലയിലേക്ക് കരുത്തുപകരാൻ ഹെലി ടൂറിസം പദ്ധതി എത്തുന്നു, ആദ്യ ഘട്ടം കൊച്ചിയിൽ
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ കരുത്തുപകരാൻ ഹെലി ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നു. ടൂറിസം വകുപ്പും സ്വകാര്യ സംരംഭകരും സംയുക്തമായി അടുത്ത വർഷം മുതലാണ് ഹെലി ടൂറിസം പദ്ധതി ആരംഭിക്കുക. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ഹെലി ടൂറിസം നെറ്റ്‌വർക്ക് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് 150 കിലോമീറ്റർ ചുറ്റളവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ ഹെലി ടൂറിസത്തെ ആശ്രയിക്കാവുന്നതാണ്.
ആദ്യ ഘട്ടത്തിൽ കൊച്ചിയിലാണ് ഹെലി ടൂറിസം പദ്ധതി നടപ്പാക്കുക. നിലവിൽ, കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് എത്താൻ റോഡ് മാർഗ്ഗം മാത്രമാണ് ഉള്ളത്. റോഡ് മാർഗ്ഗം എത്തിച്ചേരാൻ പരമാവധി നാല് മണിക്കൂർ സമയമെങ്കിലും ആവശ്യമായി വരും. എന്നാൽ, ഹെലികോപ്റ്ററിലൂടെ വെറും 20 മിനിറ്റിനകം മൂന്നാറിൽ എത്തിച്ചേരാൻ ചെയ്യുന്നതാണ്. ഇതിലൂടെ മലയോര മേഖലയിലേക്കുള്ള സുരക്ഷിത യാത്രയും ഉറപ്പുവരുത്താൻ സാധിക്കും.
50 സെന്റ് സ്ഥലത്താണ് ഹെലിപ്പാടുകൾ സജ്ജീകരിക്കുക. ഒരേസമയം പരമാവധി അഞ്ച് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ചെറിയ ഹെലികോപ്റ്ററുകൾ വാടകയ്ക്കോ പാട്ടത്തിനോ എടുക്കുന്നതാണ്. നടപ്പു സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ ആഭ്യന്തര- അന്താരാഷ്ട്ര വിനോദ സഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇതിനെ തുടർന്നാണ് കൊച്ചിയിൽ പദ്ധതി ആരംഭിക്കാനുള്ള നീക്കങ്ങൾക്ക് ടൂറിസം വകുപ്പ് തുടക്കമിട്ടത്.
No comments
Post a Comment