നവകേരള യാത്രയിൽ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ പൊരി വെയിലത്ത് നിർത്തി’: ബാലാവകാശ കമ്മീഷന് പരാതി
കോഴിക്കോട്: നവ കേരള യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ബാലാവകാശ കമ്മീഷന് പരാതി. സംഭവത്തിൽ ബാലാവകാശ കമ്മീഷന് എം എസ് എഫ് ആണ് പരാതി നൽകിയത്. തലശ്ശേരി ചമ്പാട് എൽ പി സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് എംഎസ്എഫ് നൽകിയ പരാതിയിൽ പറയുന്നത്.
ബാലാവകാശ നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള കടുത്ത ബാലാവകാശ ലംഘനമാണ് നടന്നതെന്ന് എംഎസ്എഫ് ആരോപിച്ചു. ഹെഡ്മാസ്റ്റർക്കും മറ്റ് സ്കൂൾ സ്റ്റാഫിനുമെതിരെ നടപടി വേണമെന്നും ആവശ്യമുയർത്തിയിട്ടുണ്ട്. ഇത് കൂടാതെ സർക്കാരിന്റെ നവ കേരള സദസ് പരിപാടിക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെയും എംഎസ്എഫ് രംഗത്തെത്തി. ക്ലാസ് മുടക്കി വിദ്യാർഥികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്ന് എംഎസ്എഫ് അറിയിച്ചു.
ഇത് സംബന്ധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി മണ്ഡലം കമ്മിറ്റികൾക്ക് നിർദ്ദേശം നൽകി. നവകേരള സദസിലേക്ക് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ എത്തിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിരുന്നു. ഒരു സ്കൂളിൽ നിന്ന് നൂറു മുതൽ 200 കുട്ടികളെ വീതം എത്തിക്കാനാണ് നിർദ്ദേശം. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനാധ്യാപകരുടെ യോഗത്തിലായിരുന്നു നിർദ്ദേശം.
No comments
Post a Comment