തൂത്തുക്കുടിയിൽ നിന്ന് ശ്രീലങ്കയിലേക്ക് ആഡംബര കപ്പലിൽ യാത്ര ചെയ്യാം! ആദ്യ സർവീസ് അടുത്ത വർഷം ജനുവരി മുതൽ
തൂത്തുകുടിയിൽ നിന്ന് ശ്രീലങ്കയിലേക്കുള്ള ആഡംബര കപ്പൽ സർവീസ് അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കും. ശ്രീലങ്കയിലെ കാങ്കേശന്തുറൈയിലേക്കാണ് സർവീസ്. ദുബായ് ആസ്ഥാനമായുളള സ്വകാര്യ കമ്പനിയാണ് സർവീസ് നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് മുംബൈ വി.ഒ ചിദംബരനാർ പോർട്ട് ട്രസ്റ്റിൽ നടന്ന ഗ്ലോബൽ മാരിടൈം ഉച്ചകോടിയിൽ കപ്പൽ സർവീസ് നടത്തുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.
തൂത്തുക്കുടിയിൽ നിന്ന് രാവിലെ പുറപ്പെടുന്ന കപ്പൽ ഉച്ചയോടെയാണ് കാങ്കേശന്തുറൈയിൽ എത്തിച്ചേരുക. തിരിച്ചുള്ള സർവീസ് ഉച്ചയ്ക്ക് തന്നെ ഉണ്ടാകുന്നതാണ്. എക്കോണമി ക്ലാസിൽ 350 പേർക്കും, ബിസിനസ് ക്ലാസിൽ 50 പേർക്കും യാത്ര ചെയ്യാനാകും. എക്കണോമി ക്ലാസിൽ ഒരാൾക്ക് 6000 രൂപയും, ബിസിനസ് ക്ലാസിൽ 12,000 രൂപയുമാണ് നിരക്ക്. 40 കാറുകൾ, 20 ബസുകൾ എന്നിവയും കപ്പലിൽ കയറ്റാവുന്നതാണ്. തൂത്തുകുടിയിൽ നിന്ന് 120 നോട്ടിക്കൽ മൈൽ ദൂരമാണ് ശ്രീലങ്കയിലേക്ക് ഉള്ളത്.
സ്വന്തം വാഹനത്തിൽ എത്തുന്നവർക്ക് ശ്രീലങ്കയിലെ യാത്രയ്ക്ക് അത് ഉപയോഗിക്കാനാകും. ഒരു യാത്രക്കാരന് പരമാവധി 80 കിലോ വസ്തുക്കൾ വരെയാണ് കപ്പലിൽ കയറ്റാൻ സാധിക്കുക. ഡ്യൂട്ടി ഫ്രീ ഷോപ്പ്, ഹോട്ടൽ, വിനോദ കേന്ദ്രം എന്നിവയും കപ്പലിൽ ഉണ്ടാകും. യാത്രക്കാർക്ക് വിസ, പാസ്പോർട്ട് തുടങ്ങിയ രേഖകൾ നിർബന്ധമാണ്. 2011-ൽ തൂത്തുക്കുടിയിൽ നിന്ന് ശ്രീലങ്കയിലേക്ക് കപ്പൽ സർവീസ് ആരംഭിച്ചിരുന്നു. സ്ക്കോട്ടിയ പ്രിൻസ് എന്ന കപ്പലാണ് അന്ന് സർവീസ് നടത്തിയിരുന്നത്. എന്നാൽ, ആറ് മാസത്തിനുശേഷം ഈ സർവീസുകൾ നിർത്തലാക്കുകയായിരുന്നു.
No comments
Post a Comment