പറവൂർ സ്റ്റേഷനിൽ പരാതിക്കാരനെ എസ്ഐ മർദിച്ചതായി പരാതിവെബ് ഡെസ്ക്
ഒരുമാസംമുമ്പ് അയൽവാസിയായ യുവാവ് അസഭ്യം പറയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തെന്ന് അഗ്നേഷ് പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി 31ന് പകൽ മൂന്നിന് സ്റ്റേഷനിലെത്താൻ പറഞ്ഞതനുസരിച്ച് എത്തിയപ്പോള്‍ പരാതിയിലെ എതിര്‍കക്ഷിയും അവിടെയുണ്ടായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ, അഗ്നേഷിനെയും എതിര്‍കക്ഷിയെയും സ്റ്റേഷനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തുടർന്ന് എസ്ഐ അസഭ്യവർഷം നടത്തി മര്‍ദിച്ചെന്നും എസ്ഐയുടെ കാലുകൾക്കിടയിൽ തല വയ്പിച്ചശേഷം ശക്തിയായി അമർത്തുകയും കൈമുട്ടുകൊണ്ട് നിരവധിതവണ ശക്തമായി ഇടിക്കുകയും ചെയ്തെന്ന് അഗ്നേഷ് പരാതിയില്‍ പറയുന്നു. തളർന്നുവീണ അഗ്നേഷിനെക്കൊണ്ട് എസ്ഐയുടെ കാലുകൾ തിരുമ്മിച്ചു, അപ്പോഴും മര്‍ദനം തുടര്‍ന്നു. ഇത്തരം പരാതികളുമായി എത്തരുതെന്ന് ഭീഷണിപ്പെടുത്തി ഒപ്പിട്ടുവാങ്ങിയെന്നും പരാതിയില്‍ പറയുന്നു.
കഠിനമായ പുറംവേദനയും ശ്വാസതടസ്സവും ഉണ്ടായതിനെ തുടർന്ന് 31ന് വൈകിട്ട് താലൂക്കാശുപത്രിയിൽ അഗ്നേഷ് ചികിത്സ തേടി. ബുധൻ രാവിലെ തുടർച്ചയായ ഛർദി ഉണ്ടായതിനെ തുടർന്ന് എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക് പോയി എക്സ്‌റേ എടുത്തു, മരുന്ന് വാങ്ങി. പിന്നീട് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വീണ്ടും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്ന് വ്യാഴം രാവിലെ ഗവ. താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ പുറംവേദനയും വയറിന് ബുദ്ധിമുട്ടും ഉള്ളതിനാൽ ഉച്ചയോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അഗ്നേഷിനെ കൊണ്ടുപോയി. പരിശോധനയിൽ നെഞ്ചില്‍ ക്ഷതമേറ്റതായി സൂചനയുണ്ട്.
ഒരുതരം മർദനവും സ്റ്റേഷനിൽ ഉണ്ടായിട്ടില്ലെന്ന് എസ്എച്ച് ഷോജോ വർഗീസ് പറഞ്ഞു. യുവാവിനെതിരെ എതിർകക്ഷി പരാതി നൽകിയിട്ടുണ്ട്. പ്രശ്നം ചോദിച്ച് മനസ്സിലാക്കിയതല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സബ് ഇൻസ്പെക്ടറോട് എസ്‌പി വിശദീകരണം തേടി.
No comments
Post a Comment