പാമ്പു വളർത്തുകേന്ദ്രത്തിൽ കാട്ടുപാമ്പിന് പിറന്നത് പത്ത് കുഞ്ഞുങ്ങൾ
പറശ്ശിനിക്കടവ് : പാമ്പുവളർത്തു കേന്ദ്രത്തിലെ കമല എന്ന് പേരിട്ട കാട്ടുപാമ്പിന് (Coelognathus helena monticollaris) പിറന്നത് 10 കുഞ്ഞുങ്ങൾ. പത്ത് മുട്ടകളാണ് കഴിഞ്ഞദിവസം വിരിഞ്ഞത്. ഓഗസ്റ്റ് 30-നാണ് മുട്ടയിട്ടത്. 80 ദിവസത്തിനുശേഷം വിരിഞ്ഞു. കുഞ്ഞുങ്ങൾക്ക് ഒരടിയോളം നീളമുണ്ട്. എല്ലാ കുഞ്ഞുങ്ങളും ആരോഗ്യ വാന്മാരാണ്.
ആറുമുതൽ 12 മുട്ടകൾ വരെ ഇടുന്നവയാണ് കാട്ടുപാമ്പുകൾ. പരമാവധി നീളം 1.5 മീറ്റർ ആണ്. മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്തുവരാൻ കുറഞ്ഞത് രണ്ടുമാസം വേണ്ടിവരും. മുട്ടയിടുന്ന ഇനമായതിനാൽ ഇവയെ ഓവോ വിവി പാരിറ്റി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തവിട്ടുനിറമുള്ള ഇവയുടെ ശരീരത്തിനു കുറുകെയായി കറുപ്പും വെള്ളയും ഇടവിട്ടുള്ള വീതിയുള്ള വളയങ്ങൾ കാണാം.
ശരീരത്തിൽ ഈ വളയങ്ങളുള്ളതിനാൽ പലപ്പോഴും ഇവയെ വിഷപ്പാമ്പായി തെറ്റിദ്ധരിക്കാറുണ്ട്. അപായഘട്ടങ്ങളിൽ ആക്രമണ സ്വഭാവം കാണിക്കാറുള്ള ഇവ ചുരുണ്ട് ശത്രുവിനുനേരേ തലയുയർത്തി ചാടിക്കടിക്കുന്നവയാണ്.
ഇരകളെ വരിഞ്ഞുമുറുക്കി കൊന്നാണ് ഭക്ഷിക്കുന്നത്. എലികളെ പ്രധാന ആഹാരമാക്കുന്ന ഇവയെ ഐ.യു.സി.എൻ. റെഡ് ഡേറ്റ ബുക്കിൽ ഷെഡ്യൂൾ മൂന്ന് പാർട്ട് ഒന്നിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2023 ജനുവരി മുതൽ നിരവധി പുതിയ അതിഥികളാണ് പാമ്പു വളർത്തുകേന്ദ്രത്തിലെ കുടുംബത്തിലേക്ക് എത്തിയത്. ‘കല്യാണി’ എന്ന നീർക്കോലിയുടെ കുഞ്ഞുങ്ങൾ, റാൻ, ഇവ, നോവ എന്ന എമുക്കുഞ്ഞുങ്ങൾ, കേശു എന്ന തൊപ്പിക്കുരങ്ങ്, ബെല്ല എന്ന മണ്ണൂലി പാമ്പിന്റെ കുഞ്ഞുങ്ങൾ, വാസുകി, മാനസ എന്നീ അണലി പാമ്പിന്റെ കുഞ്ഞുങ്ങൾ.
‘കാ’ എന്ന പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങൾ , ഒടുവിലായി കമല എന്ന കാട്ടുപാമ്പിന്റെ കുഞ്ഞുങ്ങൾ കൂടി എത്തിയതോടെ സന്ദർശകർക്ക് കൂടുതൽ കാഴ്ചവിരുന്നൊരുങ്ങും.
No comments
Post a Comment