വീട്ടുകിണറ്റിൽ ലോറി ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി
ആലക്കോട്: ലോറി ഡ്രൈവറെ വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാണോക്കുണ്ട് കുട്ടിക്കരി അരിങ്ങാളയിൽ വീട്ടിൽ എ.ഡി. മഹേഷിന്റെ(33) മൃതദേഹമാണ് കുട്ടാപറമ്പിലെ നെല്ലിയാനിക്കൽ ഷാജിയുടെ വീട്ടുപറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മഹേഷിന്റെ മൃതദേഹം കിണറ്റിൽ കാണുന്നത്. കിണർ വെള്ളത്തിന് ദുർഗന്ധമനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് എത്തിയ പൊലീസ് അറിയിച്ചതിനെ തുടർന്ന്, തളിപ്പറമ്പ് അഗ്നിരക്ഷാ സേനയാണ് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടുപരിസരത്തുകൂടി ആരോ ഓടിപ്പോകുന്നത് കണ്ടതായി സമീപവാസികൾ ആലക്കോട് പൊലീസിൽ അറിയിച്ചിരുന്നു. പൊലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ലോറി ഡ്രൈവറായും ക്ലീനറായും ജോലി ചെയ്യുന്ന മഹേഷ് അവിവാഹിതനാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ആലക്കോട് എസ്ഐ ഷിബു എസ്. പോളിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ ഗവ. മെഡിക്കൽ കോളജിലേക്കു മാറ്റി.
No comments
Post a Comment