Header Ads

  • Breaking News

    ഒടിപിയും ലിങ്കുമില്ലാതെ തട്ടിപ്പിന്റെ പുതു രീതി! അധ്യാപികയുടെ അക്കൗണ്ടിൽ നിന്നും തട്ടിയെടുത്തത് ഒരു ലക്ഷം രൂപ


    ഒടിപിയും ലിങ്കുമില്ലാതെ ഓൺലൈൻ തട്ടിപ്പിന് പുതിയ മുഖം നൽകി തട്ടിപ്പ് സംഘം. ഒടിപി ചോദിക്കുകയോ, ലിങ്ക് അയക്കുകയോ ചെയ്യാതെയാണ് അധ്യാപികയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. ബെംഗളൂരു സ്വദേശിയായ അധ്യാപികയാണ് തട്ടിപ്പിനിരയായത്. അച്ഛന്റെ അടുത്ത സുഹൃത്താണെന്ന് പറഞ്ഞ് അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. അച്ഛന്റെ സുഹൃത്താണെന്ന വ്യാജേന പരിചയപ്പെടുത്തിയ സംഘം ഹിന്ദിയിലാണ് സംസാരിച്ചത്.

    അധ്യാപികയുടെ അക്കൗണ്ടിലേക്ക് കുറച്ച് പണം അയക്കാൻ അച്ഛൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, അതിനായി യുപിഐ ഐഡി തരണമെന്നുമാണ് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടത്. യുപിഐ ഐഡി കൈമാറിയതോടെ ഫോൺപേയിലേക്ക് സന്ദേശം എത്തുകയും, അവ പരിശോധിച്ചപ്പോൾ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാവുകയുമായിരുന്നു. രണ്ട് തവണയായാണ് പണം പിൻവലിക്കപ്പെട്ടത്. ഒടിപി ഇല്ലാതെ വൻ തുക എങ്ങനെ അക്കൗണ്ടിൽ നിന്ന് നഷ്ടമായെന്നാണ് യുവതിയുടെ ചോദ്യം.

    മൊബൈലിൽ യാതൊരു തരത്തിലുള്ള ലിങ്ക് പോലും വരാതെയാണ് ഈ തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഫോൺപേയിൽ എത്തിയ സന്ദേശം തുറക്കുക മാത്രമാണ് അധ്യാപിക ചെയ്തത്. പോലീസിൽ പരാതി നൽകിയെങ്കിലും, കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് അധ്യാപിക വ്യക്തമാക്കി. കുറ്റവാളിയുടെ അക്കൗണ്ട് മരവിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പോലീസ് അത് താമസിപ്പിച്ചെന്നാണ് അധ്യാപികയുടെ ആരോപണം. പണം നഷ്ടമായി തൊട്ടടുത്ത ദിവസവും അധ്യാപികയുടെ മൊബൈലിലേക്ക് ഇതേ നമ്പറിൽ നിന്ന് 22 തവണ വീണ്ടും കോൾ വന്നിട്ടുണ്ട്.

    ഇത് പുതിയതരം തട്ടിപ്പാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ലിങ്ക് അയച്ചുള്ള തട്ടിപ്പില്‍ ഇപ്പോള്‍ പലരും വീഴാറില്ല. അതുകൊണ്ട് തികച്ചും സാധാരണമെന്ന് തോന്നുന്ന ടെക്സ്റ്റ് സന്ദേശങ്ങളില്‍ കോഡ് എന്‍ക്രിപ്റ്റ് ചെയ്ത് അയക്കുന്നു. ഇത് പെട്ടെന്ന് നോക്കുമ്പോള്‍ മനസ്സിലാവില്ല. ഇങ്ങനെ പണം നഷ്ടമായ സംഭവങ്ങളുണ്ടെന്ന് പൊലീസും വ്യക്തമാക്കി. ഇതാണോ അധ്യാപികയുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad