Header Ads

  • Breaking News

    സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി ഫാത്തിമ ബീവി അന്തരിച്ചു.



    തമിഴ്‌നാട് ഗവര്‍ണര്‍ ആയിരിക്കേ രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ ദയാഹര്‍ജി തള്ളിയ നടപടിയും സ്വീകരിച്ചിരുന്നു.
    കൊല്ലം: ജസ്റ്റീസ് എം.ഫാത്തിമ ബീവി (96) അന്തരിച്ചു. ഇന്ത്യന്‍ സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജിയാണ്. തമിഴ്‌നാട് ഗവര്‍ണര്‍, കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ആദ്യ അധ്യക്ഷയുമായിരുന്നു. കേരളപ്രഭ ബഹുമതി നല്‍കി ജസ്്റ്റീസ് ഫാത്തിമ ബീവിയെ ഈ മാസമാണ് ആദരിച്ചത്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. മൂന്നു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
    1927 ഏപ്രില്‍ 30ന് പത്തനംതിട്ടയില്‍ ജനിച്ച ഫാത്തിമ ബീവി 1989ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതയായത്. തിരുവിതാംകൂറില്‍ നിയമബിരുദം നേടുന്ന ആദ്യ മുസ്ലീം വനിതയായിരുന്നു. മുസ്ലീം സമുദായത്തില്‍ നിന്നുള്ള ഹൈക്കോടതിയിലെ ആദ്യ ജഡ്ജിയുമായിരുന്നു. 1984ലാണ് ഹൈക്കോടതി ജഡ്ജിയാകുന്നത്. തമിഴ്‌നാട് ഗവര്‍ണര്‍ ആയിരിക്കേ രാജീവ് ഗാന്ധി വധക്കേസില്‍ പ്രതികളുടെ ദയാഹര്‍ജി തള്ളിയ നടപടിയും സ്വീകരിച്ചിരുന്നു.
    1950 നവംബര്‍ 14-നാണ് ബീവി അഭിഭാഷകയായി എന്റോള്‍ ചെയ്തത്. 1950-ല്‍ ബാര്‍ കൗണ്‍സില്‍ പരീക്ഷയില്‍ ഒന്നാമതെത്തി കീഴ്‌കോടതിയില്‍ കരിയര്‍ ആരംഭിച്ചു . 1958 മെയ് മാസത്തില്‍ അവര്‍ കേരള സബ്-ഓര്‍ഡിനേറ്റ് ജുഡീഷ്യല്‍ സര്‍വീസസില്‍ മുന്‍സിഫായി നിയമിതയായി. 1968-ല്‍ സബ്-ഓര്‍ഡിനേറ്റ് ജഡ്ജിയായും 1972-ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായും 1974-ല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായും അവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചു .
    1980 ജനുവരിയില്‍ അവര്‍ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിലെ ജുഡീഷ്യല്‍ അംഗമായി വീണ്ടും നിയമിതയായി. തുടര്‍ന്ന് 1983 ഓഗസ്റ്റ് 4-ന് ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു 1984 മെയ് 14-ന് അവര്‍ ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതി ജഡ്ജിയായി വിരമിച്ച അവര്‍ 1989 ഒക്ടോബര്‍ 6-ന് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു, 1992 ഏപ്രില്‍ 29-ന് വിരമിച്ചു .
    1997 ജനുവരിയിലാണ് തമിഴ്‌നാട് ഗവര്‍ണറായി നിയമിതയാകുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട നാല് തടവുകാര്‍ നല്‍കിയ ദയാഹര്‍ജി സംസ്ഥാന ഗവര്‍ണര്‍ എന്ന നിലയില്‍ അവര്‍ തള്ളി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 161 (മാപ്പ് നല്‍കാനുള്ള ഗവര്‍ണറുടെ അധികാരം) പ്രകാരമുള്ള അധികാരം വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് തടവുകാര്‍ ഗവര്‍ണര്‍ക്ക് ദയാഹര്‍ജി അയച്ചത്. ജ
    ജയലളിത മുഖ്യമന്ത്രിയായിരിക്കേ തമിഴ്‌നാട്ടിലെ ക്രമസമാധാന വിഷയവുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയത് കേന്ദ്രത്തെ ചൊടിപ്പിച്ചിരുന്നു. ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നതില്‍ പരാജയപ്പെട്ട ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതിന് പിന്നാലെയാണ് ഫാത്തിമ ബീവി രാജി സമര്‍പ്പിച്ചത്.

    No comments

    Post Top Ad

    Post Bottom Ad