അനുപമയുടെ ആഗ്രഹം വക്കീൽ ആകാൻ: യൂട്യൂബിൽ നിന്ന് 5 ലക്ഷം വരെ വരുമാനം കിട്ടി തുടങ്ങിയതോടെ ഐഡിയ മാറി
കൊല്ലം: ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിലൊരാളായ പി. അനുപമയ്ക്ക് എൽഎൽബി ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും ആ സമയത്താണ് യൂട്യൂബിലേക്ക് വരുന്നതെന്നും എഡിജിപി എം.ആർ.അജിത്കുമാർ. യൂട്യൂബിൽ നിന്നു വരുമാനം കിട്ടി തുടങ്ങിയതോടെ ശ്രദ്ധ അതിലായി. പ്രതിമാസം അഞ്ച് ലക്ഷം രൂപ വരെയാണ് അനുപമ സമ്പാദിച്ചിരുന്നത്.
എന്നാൽ ജൂലൈ മാസത്തിൽ വയലേഷൻ ഉണ്ടായതോടെ ആ കുട്ടിയെ ഡീമോണിറ്റൈസ് ചെയ്തു. ഇതോടെ വരുമാനം നിലച്ചു. തുടർന്നാണ് തട്ടിക്കൊണ്ടുപോകലിനെ ആദ്യം എതിര്‍ത്ത അനുപമ, പിന്നീട് യോജിച്ചതെന്നും എഡിജിപി പറഞ്ഞു.കുട്ടിയെ തട്ടിയെടുക്കുന്ന സമയത്ത് സഹായിക്കുക മാത്രമാണ് അനുപമ ചെയ്തതെന്നും ബാക്കിയെല്ലാം പത്മകുമാറും അനിതകുമാരിയും ചേർന്നാണ് നടത്തിയെന്നും എഡിജിപി പറഞ്ഞു.
‘അനുപമ പത്മൻ’ എന്ന പേരിൽ യൂട്യൂബ് ചാനലുള്ള അനുപമയ്ക്ക്, 4.99 ലക്ഷം സബ്സ്ക്രൈബേഴ്സുണ്ട്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറൽ വിഡിയോകളുടെ റിയാക്‌ഷൻ വിഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇംഗ്ലിഷിലാണ് അവതരണം. ഇതുവരെ 381 വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരുമാസം മുൻപാണ് അവസാന വിഡിയോ. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാനെക്കുറിച്ചാണ് പ്രധാന വിഡിയോകളെല്ലാം.
ഇൻസ്റ്റഗ്രാമിൽ 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളര്‍ത്തുനായ്ക്കളെ ഇഷ്‌ടപ്പെടുന്നയാളായ അനുപമ, നായകളെ ദത്തെടുക്കുന്ന പതിവുമുണ്ട്. എണ്ണം കൂടിയതിനാൽ നായകൾക്കായി ഷെൽട്ടര്‍ ഹോം തുടങ്ങാൻ ആഗ്രഹിച്ചു. അതിനു സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു
No comments
Post a Comment