8 ലക്ഷം രൂപ വരെ ഗൂഗിൾ പേ വായ്പ തരും! എല്ലാവർക്കും ലഭിക്കുമോ? മാനദണ്ഡങ്ങൾ ഇവയാണ്
കേരളത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന യുപിഐ പേയ്മെന്റ് ആപ്ലിക്കേഷനാണ് ഗൂഗിൾ പേ. വൻകിട സൂപ്പർ മാർക്കറ്റ് മുതൽ ചെറിയ പെട്ടിക്കടകളിൽ വരെ ഇന്ന് ഗൂഗിൾ പേയുടെ സേവനം ലഭ്യമാണ്. പേയ്മെന്റുകൾ നടത്താൻ സഹായിക്കുന്നതിന് പുറമേ, മികച്ചൊരു വായ്പ സേവന ദാതാവ് കൂടിയാണ് ഗൂഗിൾ പേ. പരമാവധി 8 ലക്ഷം രൂപയാണ് ഗൂഗിൾ പേ ഇൻസ്റ്റന്റ് വായ്പ നൽകുന്നത്. എന്നാൽ, ഈ വായ്പ എല്ലാവർക്കും ലഭിക്കുകയില്ല. വായ്പകൾ ലഭിക്കണമെങ്കിൽ ഗൂഗിൾ പേ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടതുണ്ട്. വായ്പയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.
മാസങ്ങൾക്കു മുൻപാണ് ഡിഎംഐ ഫിനാൻസുമായി സഹകരിച്ച് ഗൂഗിൾ പേ വായ്പ ലഭ്യമാക്കാൻ തുടങ്ങിയത്. ആപ്പ് മുഖാന്തരം മിനിറ്റുകൾക്കകം നടപടിക്രമങ്ങൾ പൂർത്തിയാക്കി വായ്പ നേടാവുന്നതാണ്. പാൻ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയാണ് വായ്പയ്ക്ക് അപേക്ഷ നൽകേണ്ടത്. തുടർന്ന് ഡിഎംഐ ഫിനാൻസ് ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോറും, ക്രെഡിറ്റ് ഹിസ്റ്ററിയും പരിശോധിച്ച് വായ്പ അനുവദിക്കും. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്കാണ് 8 ലക്ഷം രൂപ വരെ വായ്പ നൽകുക. വിവിധ തിരിച്ചടവ് കാലാവധികളിൽ വായ്പ ലഭിക്കും. അതുകൊണ്ടുതന്നെ, തിരിച്ചടവ് കാലാവധി അനുസരിച്ച് പലിശ നിരക്കിലും വ്യത്യാസം ഉണ്ടാകും.
18 മാസം, 12 മാസം, 6 മാസം എന്നിങ്ങനെയാണ് തിരിച്ചടവ് കാലാവധി. തുടക്കക്കാർക്ക് 10,000 രൂപ മുതൽ 40,000 രൂപ വരെയാണ് പരമാവധി അപ്രൂവ്ഡ് വായ്പയായി ലഭിക്കുക. 40,000 രൂപ 18 മാസത്തെ ഇഎംഐ എടുക്കുകയാണെങ്കിൽ 2,929 രൂപയാണ് പ്രതിമാസ തിരിച്ചടവ് തുക. മൊത്തം 52,722 രൂപ തിരിച്ചടക്കണം. അതായത്, 12,722 രൂപ പലിശയായി മാത്രം തിരിച്ചടയ്ക്കേണ്ടി വരും. കുറഞ്ഞ കാലാവധി തിരഞ്ഞെടുത്താൽ പ്രതിമാസ തിരിച്ചടവ് കൂടുന്നതാണ്. അത് തിരിച്ചടവിൽ വീഴ്ച വരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതിനാൽ, ഉയർന്ന കാലാവധി തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.
No comments
Post a Comment