മുഖ്യമന്ത്രിക്ക് നേരെ ഷൂ ഏറ് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തു
കൊച്ചി: നവകേരള സദസിനെതിരായ ഷൂ എറിഞ്ഞുള്ള കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് വനിതാ മാധ്യമ പ്രവർത്തകയ്ക്കെതിരെ പൊലീസ് കേസെടുത്തു. 24 ന്യൂസ് റിപ്പോർട്ടർ വിനീത വി.ജി.ക്കെതിരെയാണ് കുറുപ്പംപടി പൊലീസ് കേസെടുത്തത്. കേസിൽ അഞ്ചാം പ്രതിയാണ് വിനീത.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തതിനാണ് നടപടി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നോട്ടീസും നൽകിയിട്ടുണ്ട്. ഐപിസി 120(ബി) പ്രകാരമാണ് വിനീതയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷൂ എറിഞ്ഞ സംഭവത്തിൽ പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തിയ അതേ വകുപ്പുകൾ ചുമത്തിയാണ് നിലവിൽ മാധ്യമപ്രവർത്തകയ്‌ക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇത് കൂടാതെ, തിരുവനന്തപുരത്ത് ഡിജിപിയുടെ വസതിയിൽ മഹിളാ മോർച്ച നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തു. കണ്ടാൽ അറിയാവുന്ന നാല് പേർക്കെതിരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ പ്രതിയെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ചായിരുന്നു മഹിളാ മോർച്ച ഡിജിപി വസതിയിലേക്ക് മാർച്ച് നടത്തിയത്.
പ്രതിഷേധം പകർത്താനായി ഡിജിപിയുടെ ഗേറ്റ് കടന്നുചെന്ന മാധ്യമപ്രവർത്തകർക്കെതിരെ ഡിജിപിയുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയെന്ന് പറഞ്ഞാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തിൽ പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ രംഗത്തെത്തി. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവും സാമാന്യ നീതിയുടെ നിഷേധവുമാണിത്. മുമ്പ് ഏഷ്യാനെറ്റ് ലേഖികയ്ക്ക് എതിരെ സമാനമായ രീതിയിൽ പൊലീസ് കേസെടുത്തത് കോടതി റദ്ദാക്കിയിരുന്നു.
No comments
Post a Comment