Header Ads

  • Breaking News

    പെരുമണ്ണിൽ പത്ത് കുരുന്ന് ജീവനുകൾ കവർന്നെടുത്ത ഓർമകൾക്ക് ഇന്ന് പതിനഞ്ചാമാണ്ട്




    ഇരിക്കൂർ: പെരുമണ്ണിൽ പത്ത് കുരുന്ന് ജീവനുകൾ കവർന്നെടുത്ത ഓർമകൾക്ക് ഇന്ന് പതിനഞ്ചാമാണ്ട്. കുഞ്ഞുങ്ങളുടെ ഓർമയിൽ പെരുമണ്ണിൽ ഉയർന്ന സ്‌മാരകം സദാമൂകമാണ്. കുരുന്നുകൾ നിശ്ശബ്ദമായി ഉറങ്ങുന്നിടം. 2008 ഡിസംബർ നാലിന് വൈകുന്നേരം നാല് മണിയോടെയാണ് പെരുമണ്ണിനെ തീരാദു:ഖത്തിലാഴ്ത്തിയ വാഹനാപകടം നടന്നത്. ശ്രീനാരായണ എൽ പി സ്‌കൂളിലെ വിദ്യാർഥികൾ സ്‌കൂൾ വിട്ടുവരുമ്പോൾ പിന്നിലൂടെ എത്തിയ ടെമ്പോ ട്രാക്‌സ് ക്രൂയിസർ അവരെ ഇടിച്ചു വീഴ്ത്തുക ആയിരുന്നു. വലതുവശം ചേർന്ന് നടക്കുകയായിരുന്നു കുരുന്നുകൾ. പിറകിൽ നടന്നവരെയാണ് മരണം കവർന്നത്. ശേഷിച്ചതോ ചോരക്കറ പുരണ്ട് ചിതറിക്കിടന്ന സ്‌കൂൾ ബാഗുകളും ചെരിപ്പുകളും മാത്രം. ഒൻപത് കുട്ടികൾ സംഭവ ദിവസവും ഒരാൾ ഒൻപതാം ദിവസവുമാണ് മരിച്ചത്. ഒരാളൊഴികെ എല്ലാവരും പെൺകുട്ടികൾ. അഞ്ചിനും എട്ടിനും ഇടയിൽ പ്രായമുള്ളവർ. കുമ്പത്തി ഹൗസിൽ പി കെ കാവ്യ, ചിത്തയിൽ വീട്ടിൽ എ സാന്ദ്ര, ബാറുക്കുന്നുമ്മൽ വീട്ടിൽ എൻ വൈഷ്‌ണവ്, കുമ്പത്തി ഹൗസിൽ പി വി അഖിന, ബാറുക്കുന്നുമ്മൽ വീട്ടിൽ പി സോന, റംഷാന, രാമപുരം വീട്ടിൽ വി പി മിഥുന, കൃഷ്‌ണാലയത്തിൽ കെ നന്ദന, കുമ്പത്തി ഹൗസിൽ കെ സഞ്ജന, കുമ്പത്തി വീട്ടിൽ പി വി അനുശ്രീ എന്നിവരാണ് മരിച്ചത്. 12 കുട്ടികൾക്ക് പരിക്കേറ്റു. അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച മലപ്പുറം കടൂരിലെ എം അബ്ദുൾ കബീറിന് എതിരേ ഇരിക്കൂർ പോലീസ് സംഭവത്തിൽ മന:പൂർവമായ നരഹത്യക്ക് കേസെടുത്തത്. ചെങ്ങളവീട്ടിൽ കൃഷ്‌ണവാരിയർ എന്ന കർഷകൻ നൽകിയ സ്ഥലത്താണ് ഒൻപത് കുഞ്ഞുങ്ങൾക്ക് അന്ത്യനിദ്ര ഒരുക്കിയത്. റംഷാനയെ പെടയങ്ങോട് ജുമാമസ്‌ജിദ് കബറിസ്‌താനിലും അടക്കം ചെയ്‌തു. ദുരന്തം നടന്ന വിളിപ്പാടകലെയായി അവർ ഉറങ്ങുന്നുണ്ട്, ശാന്തമായി, പ്രിയപ്പെട്ടവരുടെ സ്നേഹവിളികൾക്ക് അപ്പുറം.

    No comments

    Post Top Ad

    Post Bottom Ad