ആധാർ പരിശോധിക്കാൻ പി.എസ്.സിക്ക് അനുമതി.
സർക്കാർ ജോലിയിലെ ആൾമാറാട്ടം തടയാൻ പി എസ് സി ആധാർ അധിഷ്ഠിത പരിശോധനയിലേക്ക് കടക്കുന്നു. ഇതിനുള്ള അംഗീകാരം പി എസ് സിക്ക് കൈമാറി ഉദ്യോഗസ്ഥ - ഭരണ പരിഷ്‌കാര വകുപ്പ് വിജ്ഞാപനമിറക്കി.
ഉദ്യോഗാർഥികളുടെ അനുമതിയോടെ ആയിരിക്കും ആധാർ പരിശോധിക്കുക. ഒറ്റത്തവണ രജിസ്‌ട്രേഷൻ, പരീക്ഷ, രേഖാ പരിശോധന, അഭിമുഖം, നിയമനശുപാർശ, സർവീസ് പരിശോധന എന്നിവക്കാണ് ആധാർ അധിഷ്ഠിത പരിശോധന പി എസ് സി നടത്തുക.
ഉദ്യോഗാർഥി നൽകേണ്ട അനുമതി പത്രത്തിന്റെ മാതൃകയും വിജ്ഞാപനത്തിനൊപ്പം പ്രസിദ്ധീകരിച്ചു. പി എസ് സിക്ക് ആധാർ പരിശോധന നടത്താൻ യു ഐ ഡിയുടെ അനുമതിയും വിജ്ഞാപനത്തിലൂടെ ഉറപ്പാക്കി.
സർക്കാർ സർവീസിൽ പ്രവേശിക്കാൻ ആധാർ നിർബന്ധമാക്കി 2020 ജൂണിൽ സംസ്ഥാനം ഉത്തരവ് ഇറക്കിയിരുന്നു. ജോലിയിൽ പ്രവേശിക്കുന്നവർ ഒരു മാസത്തിനകം പി എസ് സി ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ബന്ധിപ്പിക്കണമെന്നും ഇത് നിയമന അധികാരി ഉറപ്പ് വരുത്തണം എന്നുമായിരുന്നു ഉത്തരവ്. കോടതി ഇടപെടലിനെ തുടർന്ന് 2021 ഏപ്രിലിൽ ഉത്തരവ് പിൻവലിച്ചു.
No comments
Post a Comment