അധ്യാപകനെ വ്യാജ പോക്സോ കേസിൽ കുടുക്കി; വെറുതെ വിട്ട് കോടതി, മാപ്പ് പറഞ്ഞ് പരാതിക്കാരി – പിന്നിൽ എസ്.എഫ്.ഐ എന്ന് ആരോപണം
കണ്ണൂർ: വ്യാജ പോക്സോ കേസിൽ കുടുക്കിയ അധ്യാപകനെ വെറുതെ വിട്ട് കോടതി. ഇരിട്ടി കാക്കയങ്ങാട് പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായ എ.കെ. ഹസ്സൻ മാസ്റ്ററെയാണ് കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടത്. മുഴക്കുന്ന് സ്വദേശിയായ അദ്ദേഹം കെ.പി.എസ്.ടി.എയുടെ സംസ്ഥാന നിർവാഹസമിതി അംഗം കൂടിയായിരുന്നു. നാലു വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്കെതിരെ ഉയർന്ന കേസ്.
കേസ് വ്യാജമാണെന്ന് തെളിഞ്ഞതോടെ കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടു. പരാതി നൽകിയ പെൺകുട്ടി അധ്യാപകന്റെ കാൽതൊട്ട് മാപ്പുചോദിക്കുകയും തങ്ങൾ കരുവാക്കപ്പെടുകയായിരുന്നുവെന്ന് തുറന്നു പറയുകയും ചെയ്തു. മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മട്ടന്നൂര്‍ അതിവേഗ പോക്സോ കോടതിയിലായിരുന്നു കേസ് വിചാരണ. സ്പെഷല്‍ ജഡ്ജ് അനീറ്റ ജോസഫാണ് കുറ്റക്കാരനല്ലെന്ന് കണ്ട് ഹസ്സനെ വെറുതെ വിട്ടത്.
രാഷ്ട്രീയ നേതൃത്വം പെൺകുട്ടികളെ കരുവാക്കുകയായിരുന്നുവെന്നും എസ്.എഫ്.ഐ ആണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു. സാമൂഹികമായി ഒറ്റപ്പെട്ട നാളുകളിൽ ഭാര്യയും മക്കളും കുടുംബം മുഴുവനും അകമഴിഞ്ഞ പിന്തുണയോടെ തന്റെ കൂടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇടത് അനുകൂല സംഘടനയും എസ്.എഫ്.ഐയും തന്നെ കരുവാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
No comments
Post a Comment