Header Ads

  • Breaking News

    ഉത്തര മലബാറിന്റെ ഗതാഗത വികസനത്തിലെ കുതിപ്പായി പരിഗണിക്കുന്ന തലശേരി–-മാഹി ബൈപാസ്‌ ഒരു മാസത്തിനകം പൂർത്തിയാകും


    തലശ്ശേരി :കോഴിക്കോട്‌
    വടകരയിൽ നിന്ന്‌ തലശേരിയിലെത്താൻ എത്ര മിനിറ്റ്‌ വേണ്ടിവരും? 15 മിനിറ്റ്‌ എന്നാണ്‌ മാഹി ബൈപാസ്‌ നൽകുന്ന ഉത്തരം. ഉത്തര മലബാറിന്റെ ഗതാഗത വികസനത്തിലെ കുതിപ്പായി പരിഗണിക്കുന്ന തലശേരി–-മാഹി ബൈപാസ്‌ ഒരു മാസത്തിനകം പൂർത്തിയാകും. കണ്ണൂരിൽനിന്ന്‌ കോഴിക്കോട്ടേക്കുള്ള റോഡ്‌ യാത്രയെ ദുസ്സഹമാക്കിയ മാഹിയിലെ കുപ്പിക്കഴുത്തുപോലുള്ള പാതക്ക്‌ ബദലായുള്ള ബൈപാസിന്‌ മൂന്നുപതിറ്റാണ്ട്‌ മുമ്പാണ്‌ തുടക്കമിട്ടത്‌.

    അനന്തമായി മുടങ്ങിക്കിടന്ന പദ്ധതിക്ക്‌ പിണറായി വിജയൻ മുഖ്യമന്ത്രിയായ മുൻ എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ്‌ ജീവൻവച്ചത്‌. പിന്നീട്‌ അതിവേഗത്തിലായിരുന്നു നിർമാണം. 893 കോടി രൂപയാണ്‌ ബൈപാസിനായി അനുവദിച്ചത്‌. ആയിരം കോടിയിലേറെ ഇതിനകം പദ്ധതിക്കായി ചെലവഴിച്ചു.

    ബൈപാസ്‌ ഇങ്ങനെ
    തലശേരി, മാഹി ടൗണുകളെ ഒഴിവാക്കിയാണ്‌ ബൈപാസ്‌. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട്‌ നിന്നാരംഭിച്ച്‌ കോഴിക്കോട്‌ ജില്ലയിലെ അഴിയൂരിൽ അവസാനിക്കുന്ന 18.6 കിലോമീറ്റർ റോഡിൽ ഇനി മിനുക്കുപണി മാത്രമാണ്‌ ബാക്കി. 45 മീറ്റർ വീതിയുള്ളതാണ്‌ ആറുവരിപ്പാത. റോഡിന്‌ അനുബന്ധമായി നടപ്പാതയില്ല. റോഡിന്‌ ഇരുഭാഗത്തുമായി 36 കിലോമീറ്റർ നീളത്തിൽ സർവീസ്‌ റോഡുകളുണ്ടാവും. തർക്കമുള്ള ഏതാനും സ്ഥലത്ത്‌ മാത്രമാണ്‌ സർവീസ്‌ റോഡ്‌ പണി അവശേഷിക്കുന്നത്‌.
    മുഴപ്പിലങ്ങാട്‌, ചിറക്കുനി, ബാലം, മാഹി എന്നിവിടങ്ങളിലാണ്‌ വലിയ പാലങ്ങൾ. ഇരുപത്‌ അടിപ്പാതകൾക്കു പുറമെ ചാലക്കരയിൽ മേൽപ്പാതയും പാറാലിൽ ചെറു അടിപ്പാതയുമുണ്ട്‌. നൂറുകിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾക്ക്‌ സഞ്ചരിക്കാനാവും.

    പാലങ്ങളുടെ ഉപരിതലം ഒഴികെ ടാറിങ് കഴിഞ്ഞു. ബാലം പാലത്തിലും മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ മേൽപ്പാലത്തിലുമാണ്‌ പ്രവൃത്തി അൽപ്പം ബാക്കി. ബാലം പാലം പ്രവൃത്തി പത്തുദിവസത്തിനകം തീരും. മാഹി റെയിൽവേ മേൽപ്പാലത്തിൽ നാല്‌ സ്‌പാനുകളിൽ ഗർഡർ സ്ഥാപിച്ചു. അഞ്ചാമത്തെ ഗർഡർ എത്തിച്ചു. ഒരെണ്ണം അടുത്തദിവസമെത്തിക്കും

    No comments

    Post Top Ad

    Post Bottom Ad