ശ്രീകണ്ഠപുരം സ്റ്റേഷൻ പരിധിയിലെ കേസുകൾ തളിപ്പറമ്പ് കോടതിയിൽ തന്നെ നിലനിർത്തണം’
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ കേസുകൾ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിധിയിൽ തന്നെ നിലനിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഹൈക്കോടതിയും ജില്ലാകോടതിയും സർക്കാരും തീരുമാനിച്ച പ്രകാരം കഴിഞ്ഞമാസം 15 മുതൽ തളിപ്പറമ്പ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ വിളിക്കുന്ന കേസുകൾ കണ്ണൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ മൂന്നിലേക്ക് മാറ്റിയിരിക്കുകയാണ്. കണ്ണൂരിലെ പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധി പുനർനിർണയിക്കുകയും വിജ്ഞാപനം അനുസരിച്ച് ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ കണ്ണൂർ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ പരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണിത്. ഇതോടെ നിലവിൽ ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കേസുകൾ എല്ലാം തളിപ്പറമ്പിന് പകരം കണ്ണൂരിലേക്ക് മാറി. ഇത് ഈ മേഖലയിലെ കോടതി വ്യവഹാരികളെയും അഭിഭാഷകരെയും ഉദ്യോഗസ്ഥരെയും ഏറെ ബുദ്ധിമുട്ടിലാക്കും. ശ്രീകണ്ഠപുരം പരിധിയിൽ നിന്ന് കണ്ണൂരിലേക്ക് അന്പത് കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ടി വരും. കേസുകൾ തളിപ്പറന്പിൽ തന്നെ പരിഗണിക്കുകയാണെങ്കിൽ ഈ മേഖലയിലുള്ളവർക്ക് അധിക ദൂരം യാത്ര ചെയ്യേണ്ടതുമില്ല. തളിപ്പറന്പ് കോടതിയിലെ കേസുകൾ കണ്ണൂരിലേക്ക് മാറ്റിയ തീരുമാനം റദ്ദാക്കണമെന്നതിനൊപ്പം ശ്രീകണ്ഠപുരത്ത് കോടതി സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
No comments
Post a Comment